ഫ്രാൻസിലെ ജൂത സിനഗോഗ് ആക്രമണം: അൾജീരിയൻ യുവാവ് അറസ്റ്റിൽ
Mail This Article
പാരിസ് ∙ തെക്കൻ ഫ്രാൻസിലെ ല ഗ്രോൻഡ് മോറ്റ് നഗരത്തിലെ സിനഗോഗിന്റെ പാർക്കിങ് ഏരിയയിൽ കാറുകൾക്കു തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 33 വയസ്സുള്ള അൾജീരിയൻ വംശജനായ യുവാവാണ് ശനിയാഴ്ച രാത്രി നിം നഗരത്തിൽ പിടിയിലായത്. ഏറ്റുമുട്ടലിനൊടുവിൽ ഇയാൾ കീഴടങ്ങുകയായിരുന്നു.
പലസ്തീൻ പതാക ധരിച്ച ഒരാളുടെ സിസിടിവി ദൃശ്യം സംഭവസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ജൂതവിരുദ്ധ ആക്രമണമായി വിലയിരുത്തി ഭീകരവിരുദ്ധ പ്രോസിക്യൂട്ടർമാരാണ് അന്വേഷണം നടത്തുന്നത്.
സിനഗോഗിൽ യുവാവ് തീയിട്ട കാറുകളിലൊന്നിൽ ഗ്യാസ് ബോട്ടിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കാറിനു തീപിടിച്ചതോടെ ഇതു പൊട്ടിത്തെറിക്കുകയും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ പൊലീസുകാരനു പരുക്കേൽക്കുകയും ചെയ്തു. സിനഗോഗിന്റെ വാതിലുകൾക്കും തീയിട്ടു. സിനഗോഗില്‍ റാബി ഉൾപ്പെടെ 5 പേരുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.