‘വിപ്ലവവീര്യം’ കുറഞ്ഞാൽ ചൈനയിൽ ഇനി പാർട്ടി അംഗത്വം പോകും; കഴിവുകെട്ടവരെ പുറത്താക്കാൻ പാർട്ടി തീരുമാനം
Mail This Article
ബെയ്ജിങ് ∙ ‘വിപ്ലവത്തോടുള്ള ആഭിമുഖ്യം’ കുറഞ്ഞവർ മുതൽ പാർട്ടി ലെവി (വരിസംഖ്യ) നൽകാത്തവർ വരെയുള്ളവരെ പുറത്താക്കി സംഘടനയെ ശുദ്ധീകരിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. അഴിമതിയും കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ മാത്രം പുറത്താക്കിയാൽ പോരാ, കഴിവുകെട്ടവരെ കൂടി പുറത്തുകളയണമെന്നാണ് പുതിയ തീരുമാനം. ഇതിനായി പാർട്ടി കേന്ദ്രകമ്മിറ്റി 27 മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
പാർട്ടിയുടെ 10 കോടിയോളം വരുന്ന അംഗങ്ങൾക്കിടയിൽ പിടിമുറുക്കാനുള്ള പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. വിപ്ലവത്തോട് കൂറില്ലാത്തവർ, പാർട്ടി കടമ നിർവഹിക്കാത്തവർ, അച്ചടക്കമില്ലാത്തവർ, നല്ല പ്രവർത്തനം കാഴ്ചവയ്ക്കാത്തവർ എന്നിവർ ഇനി പുറത്താവും. ‘പാർട്ടി ഇപ്പോൾ തന്നെ വളരെ വലുതാണ്, എണ്ണത്തിൽ മാത്രമല്ല ഗുണത്തിലും വളരണം’– പാർട്ടി സ്കൂളിന്റെ വക്താവ് ഷി മാവോസോങ് പറഞ്ഞു.
നിരീശ്വരവാദവും ഗുണങ്ങളിൽ ഉൾപ്പെടുന്നു. മതം ഉപേക്ഷിക്കണമെന്ന് ഷി 2018 ൽ നിർദേശിച്ചിരുന്നു. പാർട്ടി അംഗം മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച വിശ്വാസമുള്ള നിരീശ്വരവാദി ആയിരിക്കണമെന്നായിരുന്നു നിർദേശം. പാർട്ടി ബ്രാഞ്ചുകൾ സൂക്ഷ്മപരിശോധന നടത്തി നിഷ്ക്രിയരെയും കഴിവു കുറഞ്ഞവരെയും കണ്ടെത്തും.