ഗാസയിൽ പോളിയോ വാക്സിനേഷൻ നാളെ മുതൽ; 12 ലക്ഷം എത്തി
Mail This Article
ജറുസലം ∙ നാളെ ആരംഭിക്കുന്ന പോളിയോ വാക്സിനേഷനായി 12 ലക്ഷം ഡോസ് ലോകാരോഗ്യ സംഘടന ഗാസയിലെത്തിച്ചു. 4 ലക്ഷം ഡോസ് കൂടി എത്തിക്കും. 6.40 ലക്ഷം കുട്ടികൾക്കു വാക്സീൻ നൽകുകയാണു ലക്ഷ്യം. ഇതിനായി 3 ദിവസം വീതം ഗാസയിലെ 3 മേഖലകളിൽ പകൽ പരിമിത വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ, തുൽകരിം നഗരങ്ങളിൽ ഇസ്രയേൽ ആക്രമണം നാലാം ദിവസത്തിലേക്കു കടന്നു. ഹമാസിന്റെ ജെനിൻ മേഖലാ മേധാവി വസീം ഹസീമിനെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. സൈനിക ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും പിന്തുണയോടെയാണ് ആക്രമണം.
ഗാസയിൽ സന്നദ്ധസംഘടനയായ അമേരിക്കൻ നിയർ ഈസ്റ്റ് റഫ്യൂജി എയ്ഡിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ മിസൈലാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. റഫയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് ആശുപത്രിയിലേക്കു മരുന്നും ഇന്ധനവുമായി പോയ വാഹനങ്ങളിലെ സന്നദ്ധപ്രവർത്തകരാണു കൊല്ലപ്പെട്ടത്. അതിനിടെ, 22 ദിവസം നീണ്ട സൈനികനടപടിക്കുശേഷം ഖാൻ യൂനിസിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി.
ചെങ്കടലിൽ ഗ്രീക്ക് എണ്ണക്കപ്പലിൽ യെമനിലെ ഹൂതികൾ സ്ഫോടകവസ്തുക്കൾ വയ്ക്കുന്ന വിഡിയോ യെമനിലെ സംഘടന പുറത്തുവിട്ടു. ഏകദേശം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പോയ കപ്പൽ ഈ മാസം 21 ന് ആണ് ആക്രമിക്കപ്പെട്ടത്. ജീവനക്കാരെ ഫ്രഞ്ച് നാവികസേന രക്ഷിച്ചെങ്കിലും തീപിടിച്ച കപ്പൽ നടുക്കടലിൽ ഒരാഴ്ചയായി കത്തിയെരിയുകയാണ്.
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തെ യുഎൻ രക്ഷാസമിതിയിൽ ചൈന വിമർശിച്ചു. ഗാസയിൽ സംഭവിച്ച ദുരന്തം വെസ്റ്റ്ബാങ്കിലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 40,602 പലസ്തീൻകാർ കൊല്ലപ്പെട്ടു. 93,855 പേർക്കു പരുക്കേറ്റു.