ADVERTISEMENT

ഗാസ ∙ വടക്കൻ ഗാസയിലെ ജബാലിയയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അഭയകേന്ദ്രമായ സ്കൂളിനുമുന്നിൽ ഭക്ഷണത്തിനു വരിനിന്ന 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷന്റെ മൂന്നാം ദിനമായ ഇന്നലെ വെടിനിർത്തൽ സമയപരിധി അവസാനിച്ചതിനു തൊട്ടുപിന്നാലെ മധ്യഗാസയിൽ ബോംബാക്രമണം പുനരാരംഭിച്ചു. 

തെക്കൻ ഗാസയിലെ റഫയിൽ 4 സ്ത്രീകളും ഗാസ സിറ്റിയിലെ അൽ അഹ്‌ലി അറബ് ആശുപത്രിക്കു സമീപം 8 പേരും കൊല്ലപ്പെട്ടു. ഇതുൾപ്പെടെ 24 മണിക്കൂറിനുള്ളിൽ 33 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഹമാസിന്റെ സീനിയർ കമാൻഡറുമുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 40,819 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,291 പേർക്കു പരുക്കേറ്റു. 

വെസ്റ്റ്ബാങ്കിലെ തുൽകരിമിൽ 14 വയസ്സുള്ള ആൺകുട്ടിയെയും 16 വയസ്സുള്ള പെൺകുട്ടിയെയും ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ജെനിനിലും ആക്രമണം തുടരുന്നു. വടക്കൻ ഗാസയിൽ ഹമാസിന്റെ ഒരു കിലോമീറ്റർ തുരങ്കം തകർത്തതായി ഇസ്രയേ‍ൽ സേന പറഞ്ഞു. 

10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ കാ‍ൽഭാഗത്തോളം പേർക്ക് വാക്സിനേഷൻ പൂർത്തിയായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആകെ 640,000 കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷനാണു ലക്ഷ്യമിടുന്നത്. ത്വക്കുരോഗം ഉൾപ്പെടെ പടർന്ന് ഇസ്രയേലിലെ ജയിലുകളിലെ പലസ്തീൻ തടവുകാരുടെ ദുരിതം ഇരട്ടിയായതായി റിപ്പോർട്ടുകളുണ്ട്. 

നെതന്യാഹുവിന്റെ അനുശോചനം വേണ്ടെന്ന് ബന്ദിയുടെ ഭാര്യ 

ജറുസലം ∙ ഹമാസിന്റെ ബന്ദിയായി ഗാസയിൽ മരിച്ച അലക്സ് ലൊബനോവിന്റെ ഭാര്യ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കാണാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ചയാണ് അലക്സ് ഉൾപ്പെടെ 6 പേരുടെ മൃതദേഹം തെക്കൻ ഗാസയിലെ തുരങ്കത്തിൽനിന്നു കണ്ടെടുത്തത്. അലക്സിന്റെ ഭാര്യ മിക്കലിനെ കണ്ട് അനുശോചനം അറിയിക്കാൻ നെതന്യാഹു എത്തിയപ്പോഴാണ് അവർ കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചത്. ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കാൻ ഹമാസുമായി വെടിനിർത്തൽ ഉടൻ വേണമെന്നും ബന്ദി മരണങ്ങൾക്കു നെതന്യാഹുവാണ് ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി ഇസ്രയേലിൽ ജനകീയ പ്രക്ഷോഭം ശക്തമാണ്.

English Summary:

Death in Israel attack after vaccination in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com