മാർപാപ്പയ്ക്ക് ജക്കാർത്തയിൽ ആവേശോജ്വല സ്വീകരണം; 12 ദിവസത്തെ വിദേശ സന്ദർശനം ഏറ്റവും ദൈർഘ്യമേറിയത്
Mail This Article
ജക്കാർത്ത∙ സ്ഥാനമേറ്റ ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനത്തിനു ജക്കാർത്തയിൽ തുടക്കമിട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവേശോജ്വലമായ സ്വീകരണം. പ്രത്യേക വിമാനത്തിൽ തലസ്ഥാന നഗരത്തിലിറങ്ങിയ മാർപാപ്പയെ ഇന്തൊനീഷ്യൻ പരമ്പരാഗത വേഷം ധരിച്ച കുട്ടികൾ പൂക്കൾ നൽകി സ്വീകരിച്ചു. കാറിൽ വത്തിക്കാൻ എംബസിയിലേക്കുള്ള യാത്രയിലുടനീളം റോഡരികിൽ കാത്തുനിന്ന ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ആദ്യദിനം വിശ്രമമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇന്തൊനീഷ്യയിലെ അഭയാർഥികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി.
ശ്രീലങ്ക, സൊമാലിയ, മ്യാൻമർ അഭയാർഥികളുടെ പ്രതിനിധികളാണ് കാണാനെത്തിയത്. ഇന്നു രാഷ്ട്രീയ നേതാക്കളുമായുള്ള ചർച്ചയാണ് ആദ്യ ഔദ്യോഗിക പരിപാടി. ദക്ഷിണകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിംപള്ളിയായ ഇസ്തിഖ്‌ലാൽ മോസ്കിലെ മതപണ്ഡിതരുമായി കൂടിക്കാഴ്ചയുമുണ്ട്. 12 ദിവസം നീളുന്ന സന്ദർശനത്തിൽ ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, സിംഗപ്പൂർ, പാപുവ ന്യൂഗിനി എന്നീ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് മാർപാപ്പ ആഹ്വാനം ചെയ്യും.