ADVERTISEMENT

ജറുസലം ∙ ഗാസയിൽ ആദ്യഘട്ട പോളിയോ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിനിടെ, 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. 107 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ദെയ്റൽ ബലാഹിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പകൽ ഏതാനും മണിക്കൂർ വെടിനിർത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളിൽ ഇളവില്ല. വാക്സിനേഷൻ കേന്ദ്രങ്ങളോടു ചേർന്ന മഗാസി അഭയാർഥി ക്യാംപിലും ബുറേജിലും ഇന്നലെ തുടർച്ചയായ ബോംബാക്രമണമുണ്ടായി. 

അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈനിക നടപടി ഒൻപതാം ദിവസത്തിലേക്കു കടന്നു. കഴിഞ്ഞ മാസം 28 നുശേഷം ഇതുവര ജെനിനിലും തുൽകരിമിലും 33 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,861 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,398 പേർക്കു പരുക്കേറ്റു. 

മധ്യഗാസയിൽ ആദ്യഘട്ടം പിന്നിടുമ്പോൾ 1,89,000 കുട്ടികൾക്കാണു വാക്സീൻ നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കൻ ഗാസയിലാണ്. 

വെടിനിർത്തൽ മധ്യസ്ഥ ചർച്ചകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പിടിവാശിയിൽ ഉടക്കിനിൽക്കുകയാണെന്നു റിപ്പോർട്ടുണ്ട്. യുദ്ധം നിർത്തിയാലും തെക്കൻ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം തുടരുമെന്നാണു നെതന്യാഹുവിന്റെ നിലപാട്. ഹമാസ് ഇതിനെ എതിർക്കുന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള ആയുധക്കടത്ത് തടയാൻ വേണ്ടിയാണിതെന്ന നെതന്യാഹുവിന്റെ വാദം മധ്യസ്ഥരായ ഈജിപ്തിനെയും ചൊടിപ്പിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതി അംഗീകരിച്ചതും കഴിഞ്ഞ മാസം 2 നു യുഎസ് മുന്നോട്ടുവച്ചതുമായ കരാർ ഇസ്രയേൽ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കുമെന്നാണ് ഹമാസ് നിലപാട്. 

അതേസമയം, വടക്കൻ ഇസ്രയേലിലേക്ക് തെക്കൻ ലബനനിൽനിന്ന് ഹിസ്ബുല്ല തുടർച്ചയായ മിസൈൽ ആക്രമണം നടത്തിയെങ്കിലും കാര്യമായ നാശമില്ല. തിരിച്ചടിയായി ലബനനിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. 

ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ പലസ്തീൻ അനുകൂല വിദ്യാർഥി പ്രകടനത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ ഇസ്രയേലുമായുള്ള സഹകരണം തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. 

English Summary:

Attacks on Gaza despite vaccinations: Many Palestinians were killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com