യുക്രെയ്ൻ സർക്കാരിൽ വൻ അഴിച്ചുപണി; 6 മന്ത്രിമാർ മാറും
Mail This Article
കീവ് ∙ യുക്രെയ്ൻ സർക്കാരിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അടക്കം 6 മന്ത്രിമാർ രാജി നൽകി. ഇവരിൽ 4 പേരുടെ രാജി പാർലമെന്റ് അംഗീകരിച്ചു. കുലേബയുടെ രാജി ഇന്നു പരിഗണിക്കും. റഷ്യയെ നേരിടാൻ പുതു ഉൗർജം തേടിയാണ് മാറ്റമെന്ന് സെലെൻസ്കി പറഞ്ഞു.
കുലേബ മാറുമെങ്കിലും യുക്രെയ്നിന്റെ വിദേശനയത്തിൽ മാറ്റത്തിനു സാധ്യതയില്ല. പുതിയ വിദേശകാര്യമന്ത്രിയെ സെലെൻസ്കി നിർദേശിക്കും. ഫസ്റ്റ് ഡപ്യൂട്ടി വിദേശകാര്യമന്ത്രി ആൻഡ്രി സൈബിഹയ്ക്കാണ് കൂടുതൽ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം നടത്തിയതിനെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിൽ യുക്രെയ്ൻ ഈയിടെ നിർണായകനേട്ടങ്ങളുണ്ടാക്കിയിരുന്നു.
ഇതേസമയം, ദീർഘദൂര മിസൈൽ, ഡ്രോൺ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടി തുടരുകയാണ്. പടിഞ്ഞാറൻ യുക്രെയ്നിലെ ലിവിൽ ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. ചരിത്രസ്മാരകങ്ങളടക്കം 156 കെട്ടിടങ്ങൾ തകർന്നു. 53 പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രെയ്നിന്റെ പ്രതിരോധ കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് റഷ്യൻ വാദം.