മ്യൂണിക് ദുരന്തവാർഷികം: തോക്കുമായെത്തിയ ആളെ വെടിവച്ചുകൊന്നു
Mail This Article
മ്യൂണിക് (ജർമനി) ∙ നഗരത്തിൽ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനും നാത്സി ചരിത്രമ്യൂസിയത്തിനും സമീപം തോക്കുമായെത്തിയ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 18 വയസ്സുള്ള ഇയാൾ ഓസ്ട്രിയൻ പൗരനാണെന്നു സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടവർ പൊലീസിനെ അറിയിച്ചു. ഇയാൾ വെടിയുതിർത്തതോടെ പൊലീസും തിരിച്ചു വെടിവച്ചുവെന്ന് ബവേറിയ ആഭ്യന്തരമന്ത്രി ജോക്കിം ഹെർമൻ അറിയിച്ചു. കൂട്ടാളികളുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.
1972 ലെ മ്യൂണിക് ഒളിംപിക്സിനിടെ ഇസ്രയേലി അത്‌ലീറ്റുകളെ ഭീകരർ കൊലപ്പെടുത്തിയതിന്റെ 52–ാം വാർഷികദിനത്തിലാണു സംഭവം. ഇതിന്റെ ഓർമപുതുക്കലിനായി കാര്യാലയത്തിന് അവധിയായിരുന്നെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സംഭവത്തെ അപലപിച്ചു. മ്യൂണിക് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.