സൗഹൃദ ‘ടണലിൽ’ മാർപാപ്പയും ഇമാമും; സമാധാനം ആഹ്വാനം ചെയ്ത് 6 മതങ്ങളുടെ പ്രതിനിധി സംഗമം
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയുടെ തലയെടുപ്പായ ഇസ്തിഖ്‌ലാൽ മോസ്കും പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലും തമ്മിൽ ബന്ധിപ്പിക്കുന്ന സൗഹൃദ ടണലിന്റെ (ടണൽ ഓഫ് ഫ്രണ്ട്‌ഷിപ്) കവാടത്തിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും മറ്റു മതനേതാക്കളെ സ്വീകരിച്ച നിമിഷം ചരിത്രമായി. വെളിച്ചത്തിലേക്കുള്ള തുരങ്കമെന്നാണ് ഇതിനെ മാർപാപ്പ വിശേഷിപ്പിച്ചത്.
ഇസ്‌ലാം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, കൺഫ്യൂഷ്യനിസ്റ്റ്, ഹിന്ദു, പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സംഗമം മനോഹരമായ ഈ ഭൂമിയെ സംരക്ഷിക്കാനും സമാധാനം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്തു. 12 ദിവസം നീളുന്ന തെക്കുകിഴക്കൻ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മാർപാപ്പ. മോസ്കിൽ നടന്ന സർവമതസംഗമത്തിൽ മാർപാപ്പ അധ്യക്ഷത വഹിച്ചു.
ജക്കാർത്തയിലെ സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച കുർബാനയിൽ ഒരുലക്ഷം വിശ്വാസികൾ പങ്കെടുത്തു. തുറന്ന വാഹനത്തിൽ സ്റ്റേഡിയത്തിലെത്തിയ മാർപാപ്പയെ ജനം ആവേശപൂർവം സ്വീകരിച്ചു.