ജനസമ്മതി ഇടിയുന്നെന്ന് അഭിപ്രായസർവേകൾ; കാനഡ കാണുമോ, ട്രൂഡോ യുഗാന്ത്യം?
Mail This Article
ന്യൂഡൽഹി ∙ കാനഡയിലെ സിഖുകാർക്കുവേണ്ടി ഇന്ത്യയോടു പിണങ്ങിയ ജസ്റ്റിൻ ട്രൂഡോയെ ഇപ്പോൾ ഒരു സിഖുകാരൻതന്നെ കാലുവാരിയിരിക്കുന്നു. 338 അംഗ പാർലമെന്റിൽ 154 സീറ്റ് മാത്രമുള്ള ട്രൂഡോയുടെ ലിബറൽ പാർട്ടി കഴിഞ്ഞ 3 വർഷം കാനഡ ഭരിച്ചത് ജഗ്‌മിത് സിങ് എന്ന സിഖുകാരൻ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) 24 എംപിമാരുടെ പിന്തുണയോടെയായിരുന്നു. കഴിഞ്ഞ ദിവസം എൻഡിപി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോയുടേത് ന്യൂനപക്ഷ സർക്കാരായി.
തൽക്കാലം സർക്കാർ വീഴില്ലെന്നാണു കണക്കുകൂട്ടൽ. കാരണം, പ്രതിപക്ഷത്തുള്ള ഏതെങ്കിലും പാർട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലെങ്കിൽ അധികാരത്തിൽ തുടരാം. മാത്രമല്ല, അവിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്ന് എൻഡിപി വിട്ടുനിന്നാലും മതിയാകും. ഉടൻ തിരഞ്ഞെടുപ്പിനെ നേരിടാൻ എൻഡിപിക്കു താൽപര്യമില്ലെന്നാണ് അറിയുന്നത്. അടുത്ത വർഷം വരെയാണു സഭയുടെ കാലാവധി.
118 എംപിമാരുള്ള കൺസർവേറ്റിവ് (യാഥാസ്ഥിതിക) പാർട്ടിയാണ് പ്രധാന പ്രതിപക്ഷം. ഫ്രഞ്ച് സംസാരിക്കുന്നവർക്കു ഭൂരിപക്ഷമുള്ള ക്യൂബെക് പ്രവിശ്യയിൽ സ്വാധീനമുള്ള ബ്ലോക് ക്യൂബെക്കോയ് ആണ് 32 എംപിമാരുമായി മൂന്നാം സ്ഥാനത്ത്. എൻഡിപി നാലാം സ്ഥാനത്തും 2 എംപിമാരുള്ള ഗ്രീൻ പാർട്ടി അഞ്ചാം സ്ഥാനത്തും. ട്രൂഡോ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാണ് ജഗ്‌മിത് സിങ്ങിന്റെ ആരോപണം. വിലക്കയറ്റം നിയന്ത്രിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും സാധനങ്ങൾക്കു തീപിടിച്ച വിലയാണെന്നാണ് ജഗ്‌മിത് പറയുന്നത്. കോർപറേറ്റുകളുടെ താൽപര്യത്തിലാണു ഭരണമെന്ന് ഇടതുപക്ഷ പാർട്ടിയായി സ്വയം വിശേഷിപ്പിക്കുന്ന എൻഡിപി പറയുന്നു.
ട്രൂഡോയുടെ ജനസമ്മതി ഇടിയുന്നതായി മിക്ക അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നു. ട്രൂഡോയുടെ പാപങ്ങളുടെ ഭാരം അടുത്ത തിരഞ്ഞെടുപ്പിൽ ചുമക്കേണ്ടിവരുമെന്ന ഭയം മൂലമാണ് എൻഡിപി സഖ്യം അവസാനിപ്പിച്ചതെന്നാണു കരുതുന്നത്. കുടിയേറ്റത്തെ പൊതുവേ പിന്തുണയ്ക്കുന്നവരാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി. എൻഡിപിയുമായി കൂട്ടുകൂടിയതോടെ അവരുടെ സമ്മർദത്തിൽ കുടിയേറ്റനയം കൂടുതൽ ഉദാരമാക്കേണ്ടിവന്നു. എന്നാൽ, തൊഴിലില്ലായ്മയും പാർപ്പിട ക്ഷാമവും രൂക്ഷമായതോടെ കുടിയേറ്റത്തെ എതിർക്കുന്ന കൺസർവേറ്റിവ് പാർട്ടിക്കു ജനപിന്തുണ വർധിച്ചുതുടങ്ങി. ഈ തക്കത്തിൽ കുടിയേറ്റം മൂലമുള്ള പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ട്രൂഡോയുടെയും ലിബറൽ പാർട്ടിയുടെയും തലയിൽവച്ച് കൈകഴുകുകയാണു ജഗ്‌മിത്. ജഗ്‌മിത് സിങ്ങാണു നയിക്കുന്നതെങ്കിലും എൻഡിപി സിഖുകാർക്കു പ്രാമുഖ്യമുള്ള പാർട്ടിയല്ല. എൻഡിപിയുടെ ആദ്യത്തെ ന്യൂനപക്ഷ നേതാവാണ് ജഗ്‌മിത്.