പുനരുദ്ധാരണ പ്രതീക്ഷയേകി മാർപാപ്പ കിഴക്കൻ തൈമൂറിൽ
Mail This Article
ഡിലി ∙ കിഴക്കൻ തൈമൂറിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഗംഭീര സ്വീകരണം. പ്രസിഡന്റ് ഹോസ് റാമോസ് ഹോർത്തയും പ്രധാനമന്ത്രി സനാന ഗുസ്മാവോയും വിമാനത്താവളത്തിലെത്തി മാർപാപ്പയെ സ്വീകരിച്ചു. മാർപാപ്പ സഞ്ചരിച്ച വഴിയുടെ ഇരുവശങ്ങളിലും കിഴക്കൻ തൈമൂർ പതാകകളും പേപ്പൽ പതാകകളും വഹിച്ച് ആയിരങ്ങൾ അണിനിരന്നു. മാർപാപ്പയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച്, കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ പേപ്പൽ പതാകയുടെ മഞ്ഞയും വെളുപ്പും നിറത്തിലുള്ള കുടകൾ ചൂടിയാണ് ജനം എത്തിയത്.
ഏഷ്യയിലെ അതിദരിദ്ര രാജ്യങ്ങളിൽ ഒന്നായ കിഴക്കൻ തൈമൂർ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 25–ാം വാർഷികം ആഘോഷിക്കുകയാണ്. 1989 ൽ ഇവിടം ഇന്തൊനീഷ്യൻ പട്ടാളഭരണ ദുരിതത്തിലായിരുന്നപ്പോൾ ലോകശ്രദ്ധ ആകർഷിക്കാൻ സഹായിച്ചത് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനമായിരുന്നു. അതുപോലെ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് കുതിപ്പേകാൻ സഹായിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു.
ഡിലിയിലെ സമുദ്രതീര വേദിയിൽ മാർപാപ്പ ഇന്നു കുർബാന അർപ്പിക്കും. കിഴക്കൻ തൈമൂറിലെ 13 ലക്ഷം ജനങ്ങളിൽ 7 ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. 6 ലക്ഷം പേർ പങ്കെടുക്കുന്നതിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ വേദിയിലാണ് 1989 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പൊതുകുർബാന അർപ്പിച്ചത്.