ADVERTISEMENT

ജറുസലം ∙ പലസ്തീനിൽ പുതിയ സ്കൂൾ വർഷം ഇന്നലെ ആരംഭിച്ചെങ്കിലും ഗാസയിലെ 6 ലക്ഷത്തിലേറെ വിദ്യാർഥികൾക്കു സ്കൂളിലേക്കു മടങ്ങാനാവില്ല. 11 മാസമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്ന ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി. സ്കൂൾ കെട്ടിടങ്ങളിൽ 90 ശതമാനവും ബോംബാക്രമണങ്ങളിൽ തകർന്നനിലയിലാണ്. അവശേഷിക്കുന്ന കെട്ടിടങ്ങൾ യുഎൻ ഏജൻസികളുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുകയാണിപ്പോൾ.

6 വയസ്സായ 58,000 കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കാൻ റജിസ്റ്റർ ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. അതേസമയം, വടക്കൻ ഗാസയിലെ കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷൻ ഇന്നലെ ആരംഭിച്ചു. ഈ ആഴ്ച അവസാനത്തോടെ അവസാനഘട്ട വാക്സിനേഷൻ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണു ദൗത്യം.

അതിനിടെ, മധ്യഗാസയിൽ ഇന്നലെ ഇസ്രയേൽ ബോംബാക്രമണത്തിൽ കുട്ടികളടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 40,988 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,825 പേർക്കു പരുക്കേറ്റു.

ഞായറാഴ്ച രാത്രി പടിഞ്ഞാറൻ സിറിയയിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. 36 പേർക്കു പരുക്കേറ്റു. ഹമ പ്രവിശ്യയിലെ മിലിറ്ററി ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിൽ ഡമാസ്കസിലെ ഇറാൻ എംബസി ലക്ഷ്യമിട്ടതിനുശേഷം ഇസ്രയേൽ സിറിയയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

English Summary:

It's eleven months since schools closed in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com