ADVERTISEMENT

ന്യൂയോർക്ക് ∙ നാടകവേദിയിലും ഹോളിവുഡിലും ഉജ്വല അഭിനയത്തിനൊപ്പം ശബ്ദഗാംഭീര്യം കൊണ്ടും തലമുറകളുടെ ഹൃദയം കവർന്ന ഇതിഹാസം ജയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വേഡർക്കും ലയൺ കിങ്ങിലെ മുഫാസയ്ക്കും ശബ്ദം പകർന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അതുല്യപ്രതിഭയാണ്. സിഎൻഎൻ ചാനലിലെ ഇടവേളകളിൽ ‘ദിസ് ഈസ് സിഎൻഎൻ’ എന്നു മുഴങ്ങിക്കേൾക്കുന്ന സ്വരവും ജോൺസിന്റേതാണ്. 

വംശീയവിവേചനത്തിന്റെ വേലിക്കെട്ടുകൾ തകർത്ത ജോൺസ് 1980 കളിലും തൊണ്ണൂറുകളിലും ഹോളിവുഡ് മുഖ്യധാരയിലെ പകരംവയ്ക്കാനാകാത്ത പ്രതിഭയായി. കുട്ടിക്കാലത്തുണ്ടായിരുന്ന വിക്ക് മാറ്റിയെടുത്ത വിജയകഥയും ഈ വോയ്സ് ആക്ടറുടെ ജീവിതത്തിലുണ്ട്. 

ഹോവഡ് സാക്ലറുടെ ‘ദ് ഗ്രേറ്റ് വൈറ്റ് ഹോപ്’ (1967) നാടകമാണ് കരിയറിൽ വഴിത്തിരിവായത്. മികച്ച നടനുള്ള ടോണി അവാർഡ് നേടിക്കൊടുത്ത ഈ നാടകം മാർട്ടിൻ റിറ്റ് സിനിമയാക്കിയപ്പോൾ ജോൺസിന് ഓസ്കർ നാമനിർദേശം ലഭിച്ചു. 

അർനോൾഡ് ഷ്വാസ്നെഗർ നായക‌നായ കോനൻ ദ് ബാർബേറിയനിലെ വില്ലൻ തുൾസ ഡൂം, കമിങ് ടു അമേരിക്കയിൽ എഡി മർഫിയുടെ പിതാവ്, ഫീൽഡ് ഓഫ് ഡ്രീംസിലെ എഴുത്തുകാരൻ ടെറൻസ് മാൻ, ദ് ഹണ്ട് ഫോർ റെഡ് ഒക്ടോബറിലെ സിഐഎ ഡപ്യൂട്ടി ഡയറക്ടർ. ക്രൈ ദ് ബിലവഡ് കൺട്രിയിലെ ദക്ഷിണാഫ്രിക്കൻ മന്ത്രി എന്നിങ്ങനെ ജോൺസ് അവതരിപ്പിച്ചതെല്ലാം അവിസ്മരണീയ കഥാപാത്രങ്ങളായിരുന്നു. 

English Summary:

James Earl Jones passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com