ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിൽ ഖാൻ യൂനിസിനു സമീപമുള്ള അൽ മവാസിയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ കുട്ടികളടക്കം 65 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഉഗ്രസ്ഫോടനങ്ങളുടെ ആഘാതത്തിൽ ഭൂമി പിളർന്നു വൻഗർത്തം രൂപമെടുത്തു. നൂറുകണക്കിനു പലസ്തീൻകാർ മണ്ണിനടിയിലായി. പരിസരത്തെ ഡസൻകണക്കിന് അഭയാർഥികൂടാരങ്ങൾ കത്തിനശിച്ചു.

ചൊവ്വാഴ്ച പുലർച്ചയ്ക്കു മുൻപായിരുന്നു സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിട്ടുള്ള അൽ മവാസിയിലെ ആക്രമണം. ഗാസയുടെ മറ്റു ഭാഗങ്ങളിൽനിന്നു പലായനം ചെയ്ത അഭയാർഥികൾ ഇവിടത്തെ താൽക്കാലിക കൂടാരങ്ങളിലാണ് അന്തിയുറങ്ങുന്നത്. അഞ്ചോ ആറോ വട്ടം ബോംബാക്രണമോ മിസൈൽ ആക്രമണമോ ഉണ്ടായെന്നാണ് റിപ്പോർട്ട്. 20 കൂടാരങ്ങൾ കത്തിയമർന്നതായി ഗാസ അധികൃതർ പറഞ്ഞു. ഹമാസ് കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ ഭാഷ്യം. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 41,020 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,925 പേർക്കു പരുക്കേറ്റു.

അതേസമയം, വെടിനിർത്തൽ സാധ്യത അകലെയാക്കി ഇസ്രയേൽ വീണ്ടും നിലപാടു കടുപ്പിച്ചു. ബന്ദികളുടെ മോചനത്തിന് ഹമാസുമായി 6 ആഴ്ച താൽക്കാലികമായ വെടിനിർത്തലാകാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞു. ഹമാസ് ആവശ്യപ്പെടും പോലെ സ്ഥിരമായ വെടിനിർത്തൽ സാധ്യമല്ലെന്നും വ്യക്തമാക്കി. വെടിനിർത്തലിനു ശേഷവും ഈജിപ്ത്–ഗാസ അതിർത്തിയിൽ ഫിലഡൽഫിയ ഇടനാഴിയിൽ ഇസ്രയേൽ സൈന്യം സ്ഥിരമായി തുടരുമെന്ന വ്യവസ്ഥ നേരത്തേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവച്ചിരുന്നു. ഇതും ഹമാസിനു സ്വീകാര്യമല്ല. ഈ സാഹചര്യത്തിലാണു ചർച്ച വഴിമുട്ടുന്നത്.

English Summary:

Palestinians killed in heavy Israeli bombing in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com