കമലയ്ക്ക് തിളക്കം; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമല–ട്രംപ് സംവാദം
Mail This Article
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു നേട്ടം. ട്രംപുമായുള്ള സംവാദത്തിൽ പ്രസിഡന്റ് ജോ ബൈഡനു സംഭവിച്ച പരാജയത്തെ തുടച്ചുനീക്കുന്നതായി ഫിലഡൽഫിയയിലെ കമല ഹാരിസിന്റെ ഉജ്വല പ്രകടനമെന്ന് യുഎസ് മാധ്യമങ്ങൾ വിലയിരുത്തി. ട്രംപിന് അടുത്തേക്കുചെന്നു ഹസ്തദാനം ചെയ്ത കമല, സാമ്പത്തികരംഗം, വിദേശനയം, കുടിയേറ്റം, ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിനെ അസ്വസ്ഥനാക്കിയ ആക്രമണങ്ങളാണു നടത്തിയത്. 90 മിനിറ്റ് സംവാദത്തിനിടെ സംഘാടകരായ എബിസി ന്യൂസ് പലവട്ടം വസ്തുതാപരിശോധനയ്ക്കായി ഇടപെടുകയും ചെയ്തു.
കമല ഹാരിസ്
ട്രംപ് ജയിച്ചാൽ ഗർഭഛിദ്ര നിരോധനം രാജ്യമെങ്ങും നടപ്പാക്കുന്ന ബില്ലിൽ ഒപ്പുവയ്ക്കും. അമേരിക്കൻ ജനത ചില സ്വാതന്ത്ര്യങ്ങളിൽ വിശ്വസിക്കുന്നു. വിശേഷിച്ചും സ്വന്തം ശരീരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം. അതു സർക്കാരിനു വിട്ടുകൊടുക്കാനാവില്ല.
ട്രംപിന്റെ റാലികൾ ബഹുരസമാണ്. ഹാനിബൽ ലെക്ടറെപോലെയുള്ള സാങ്കൽപിക കഥാപാത്രങ്ങളെപ്പറ്റിയാണ് അദ്ദേഹത്തിന്റെ സംസാരം. കാറ്റാടിയന്ത്രങ്ങൾ കാൻസർ ഉണ്ടാക്കുമെന്ന് അദ്ദേഹം പ്രസംഗിക്കുന്നു. ബോറടിച്ചിട്ട് ആളുകൾ പ്രസംഗം തീരും മുൻപേ സ്ഥലം വിടുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേനാപിന്മാറ്റത്തിലേക്ക് നയിച്ചത് ട്രംപ് ഭരണകൂടം താലിബാനുമായുണ്ടാക്കിയ കരാറാണ്. ഏറ്റവും മോശം കരാറുകളിലൊന്നായിരുന്നു അത്.
ഞാൻ എന്നും ജൂതരാഷ്ട്രത്തെ പിന്തുണയ്ക്കുകയാണു ചെയ്തത്. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. പക്ഷേ, യുദ്ധത്തിൽ കുട്ടികളും അമ്മമാരും അടക്കം നിരപരാധികളായ പലസ്തീൻകാരും കൊല്ലപ്പെടുന്നു. അതിനാൽ വെടിനിർത്തലിനായി നാം പരിശ്രമം തുടരും.
ട്രംപ് വിജയിച്ചാൽ (യുക്രെയ്ൻ തലസ്ഥാനമായ) കീവിൽ പുട്ടിൻ ഇരിക്കും.
ട്രംപ് നുണയൻ ആണെന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയല്ല
എനിക്കു സ്വന്തം തോക്കുണ്ട്. മറ്റെല്ലാവരെയുംപോലെ സ്വയംരക്ഷയ്ക്കുവേണ്ടിയാണ്.
ഡോണൾഡ് ട്രംപ്
ഇതു നുണയാണ്. ഞാൻ നിരോധനത്തിൽ ഒപ്പുവയ്ക്കുകയില്ല. ഗർഭഛിദ്ര വിഷയത്തിൽ സംസ്ഥാനങ്ങളാണു നിയമമുണ്ടാക്കേണ്ടത്
കാശുകൊടുത്താണ് കമല ഹാരിസ് റാലിക്ക് ആളെ ഇറക്കുന്നത്. ഞങ്ങളുടേത് പടുകൂറ്റൻ റാലികളാണ്. രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും അതിശയകരമായ റാലികൾ.
മൂന്നോ നാലോ വർഷം മുൻപ് കമല ഹാരിസ് വിശ്വസിച്ചിരുന്നതെല്ലാം ഇപ്പോൾ വലിച്ചെറിഞ്ഞിരിക്കുന്നു. എന്റെ തത്വചിന്തയാണ് അവർ ഇപ്പോൾ സ്വീകരിക്കുന്നത്. ജയിച്ചാൽ പക്ഷേ അവർ കളം മാറും. അവർ ഒരു മാർക്സിസ്റ്റാണ്. അവരുടെ അച്ഛൻ സാമ്പത്തിക ശാസ്ത്രത്തിലെ മാർക്സിസ്റ്റ് പ്രഫസറായിരുന്നു.
കുടിയേറ്റക്കാരിൽ നല്ലൊരു ശതമാനം കുറ്റവാളികളാണ്. തെറ്റായ കുടിയേറ്റമാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കു സംഭവിക്കാവുന്ന വലിയ ദുരന്തം.
സ്പ്രിങ്ഫീൽഡിൽ (ഒഹായോ) കുടിയേറ്റക്കാർ നായ്ക്കളെയും പൂച്ചകളെയും മോഷ്ടിച്ചു കൊന്നുതിന്നുന്നു.
(സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ അഭ്യൂഹം ശരിയല്ലെന്ന് വസ്തുതാപരിശോധന നടത്തി മോഡറേറ്റർമാർ വ്യക്തമാക്കി)
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സേന പിന്മാറ്റം ഏറ്റവും വലിയ നാണക്കേട്.
കമല ഹാരിസ് പ്രസിഡന്റായാൽ 2 വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകും. അവർ ഇസ്രയേലിനെ വെറുക്കുന്നു. അറബ് ജനതയെയും അവർ വെറുക്കുന്നു.
എന്റെ കാലത്തു മഹാമാരി വന്നിട്ടും നമ്മുടെ സാമ്പത്തികനില ശക്തമായിരുന്നു.