സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ബിഗ് ടെക് സഹായം നൽകണം
Mail This Article
പത്രപ്രവർത്തനമോ വിനോദമോ ആകട്ടെ, എന്തുകൊണ്ടാണ് നിങ്ങൾ ഉള്ളടക്കത്തിൽ ശ്രദ്ധ ചെലുത്തുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താണ് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്? എന്താണ് അതിനെ വ്യതിചലിപ്പിക്കുന്നത്? എപ്പോഴാണ് നിങ്ങൾ ഉള്ളടക്കത്തോട് ഒട്ടിനിൽക്കുകയും വിട്ടുനിൽക്കുകയും ചെയ്യുന്നത്? അതെന്തുകൊണ്ട്? ഈ ചോദ്യങ്ങളെല്ലാം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തുകളിലൊന്നായ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിർമിതബുദ്ധി, 5 ജി, 8 കെ അല്ലെങ്കിൽ 1000 എംബിപിഎസ് ഇന്റർനെറ്റ് ഉപയോഗിച്ച് സാങ്കേതികവിദ്യയ്ക്ക് പരിധിയില്ലാതെ മുന്നേറാൻ കഴിയും.
എന്നാൽ എല്ലാം ജീവിതത്തിന്റെ ലളിതവും മാറ്റമില്ലാത്തതുമായ ഒരു വസ്തുതയ്ക്കെതിരെ വരുന്നു: ഒരു ദിവസത്തിലെ 24 മണിക്കൂർ വലിച്ചുനീട്ടാനാകില്ല, കുറഞ്ഞത് ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ. അതിനാൽ, ഈ ഏറ്റവും വിലപിടിച്ച സ്വത്ത് നിങ്ങളുടെ ജീവിതത്തിൽ അർത്ഥവത്തായതും ക്രിയാത്മകമായി പരിവർത്തനം ചെയ്യുന്ന ഒരു കാര്യത്തിനായി ചെലവഴിക്കുന്നത് യുക്തിസഹമാണ്. പൊതുവെ സമൂഹത്തിന്റെ കാര്യത്തിലും ഇതു ബാധകമാണ്.
ഇത്തരത്തിലുള്ള ആലോചനകൾ ഇനി മുതൽ നാം നയിക്കുന്ന ജീവിതരീതിയെ സംബന്ധിച്ചിടത്തോളം നിർണായകമായി മാറിയിരിക്കുന്നു. സത്യവും നുണയും തമ്മിലും യാഥാർത്ഥ്യവും ഫാന്റസിയും തമ്മിലുള്ള വേർതിരിവ് മാത്രമല്ല, നമ്മുടെ നൂറ്റാണ്ടിന്റെ ശേഷകാലത്തെ നിർവചിക്കുക. മറിച്ച് അവ നമ്മുടെ ജീവിതത്തിൽ പ്രായോഗികമായി എന്താണ് അർത്ഥമാക്കുന്നത് എന്നതുമാണ്: ജനാധിപത്യവും സ്വേച്ഛാധിപത്യവും, ജനപ്രിയതയും ആത്മാർത്ഥതയും, സ്ഥിരതയും സാമൂഹിക വൈരുധ്യവും നേർക്കനേർ നിൽക്കുമ്പോൾ നാം എന്തു തിരഞ്ഞെടുക്കുന്നുവെന്നതാണ്.
നമ്മുടെ കാലത്തെ എല്ലാ പ്രതിസന്ധികൾക്കും മാധ്യമങ്ങളല്ല പരിഹാരം. പക്ഷേ, അതില്ലാത്ത ഒരു ലോകത്തെ സങ്കൽപ്പിക്കാൻ ശ്രമിക്കുക. ആരാണു വസ്തുതകളും കിംവദന്തികളും വേർതിരിച്ചെടുക്കുക? ഗൗരവമേറിയതും സ്വതന്ത്രവുമായ പത്രപ്രവർത്തന കവറേജ് നൽകുന്ന വിശ്വാസ്യതയുടെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് ഏതെങ്കിലും സ്ഥാപനത്തെ വിശ്വസിക്കാൻ കഴിയുക?
ആളുകളുടെ സമ്പാദ്യം നഷ്ടപ്പെടുന്ന ഒരു പുതിയ സൈബർ തട്ടിപ്പിന്റെ ആവിർഭാവം ആരാണ് റിപ്പോർട്ട് ചെയ്യുക? സർക്കാർ ഏജൻസികൾ മന്ദഗതിയിലോ അവഗണനയിലോ ആയിരിക്കുമ്പോൾ അഴിമതിയും മറ്റു കുറ്റകൃത്യങ്ങളും ആരാണ് അന്വേഷിക്കുക? ബിഗ് ടെക്കിന്റെ തിന്മകളെയും സോഷ്യൽ നെറ്റ്‌വർക്കുകൾ വൈകാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയ്ക്ക് വരുത്തിവയ്ക്കുന്ന അപകടങ്ങളെയും ആരാണ് അഭിസംബോധന ചെയ്യുക? അവസാനമായി ഒന്നുകൂടി. അഴിമതിക്കാരായ സ്വേച്ഛാധിപതികളുടെ ശക്തിയും ജനാധിപത്യസമൂഹങ്ങൾക്ക് അവർ ഉയർത്തുന്ന ഭീഷണിയും ആരാണു തുറന്നുകാട്ടുക?
വിവരങ്ങൾ ലഭിക്കുമ്പോൾ നിങ്ങളുടെ സമയം എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നത് നാം നിരന്തരം സ്വയം ചോദിക്കുന്ന ഒരു ചോദ്യമായിരിക്കണം. ഒന്നുകിൽ സാങ്കേതിക പ്ലാറ്റ്ഫോമുകളിൽ അമിതമായി ഇടപഴകുന്നതിന്റെ കെണിയിൽ വീഴാതിരിക്കാൻ അല്ലെങ്കിൽ ഉപയോഗശൂന്യമായ വ്യർഥതയുടെ പർവതങ്ങളായി നമ്മുടെ ജിജ്ഞാസ പാഴാകുന്നത് ഒഴിവാക്കാൻ.
സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ സൃഷ്ടാക്കൾ പ്രശ്നങ്ങളിൽനിന്ന് മുക്തരല്ല. അവരുടെ പ്രവർത്തനത്തിന്റെ സുസ്ഥിരതയിൽനിന്നു തന്നെ പ്രശ്നം ആരംഭിക്കുന്നു. ഏതാനും ചിലതിനെ ഒഴിച്ചുനിർത്തിയാൽ, ഗൗരവമുള്ള മാധ്യമ സംഘടനകളിൽ ഭൂരിഭാഗവും സാങ്കേതിക പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണ അസമത്വം അനുഭവിക്കുന്ന ഒരു ബിസിനസ് മാതൃകയുമായാണ് അതിജീവിക്കുന്നത്.
അവ വിശ്വസ്തതയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയായതിനാൽ, ബിഗ് ടെക് അനുവദിക്കുന്നതുപോലെ, ധാർമികത ഉപേക്ഷിക്കുകയോ ഉള്ളടക്കത്തിന്റെ പ്രസരണത്തിൽ അതിന്റെ സത്യസന്ധതയും ഉത്തരവാദിത്തവും സംബന്ധിച്ച തത്വങ്ങൾ വിട്ടുകളയുകയോ ചെയ്യുന്നതിലൂടെ ഒരു സ്ഥാപനത്തിനും അതിജീവിക്കാൻ കഴിയില്ല.
ബിഗ് ടെക് പ്രതിഭാസവും ആഗോളതാപനവും തമ്മിൽ ഒരു സാമ്യം ഉണ്ടാക്കാവുന്നതേയുള്ളൂ. അവരുടെ ബിസിനസ് മോഡലുകളുടെ പാർശ്വഫലമായി, വലിയ പ്ലാറ്റ്ഫോമുകൾ മാനസികാരോഗ്യത്തിനും ഭൂമിയുടെ സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സാമൂഹിക മലിനീകരണം സൃഷ്ടിക്കുന്നു. അതിനാൽ, ഈ സാമൂഹിക മലിനീകരണത്തിന്റെ ഭൂരിഭാഗവും വൃത്തിയാക്കുന്ന പ്രഫഷനൽ മാധ്യമപ്രവർത്തനത്തിന് ഈ പ്ലാറ്റ്ഫോമുകൾ ഒരു 'സപ്പോർട്ട് ഫീസ്' നൽകുന്നത് ന്യായമാണ്. യുക്തി ലളിതമാണ്: ആവാസവ്യവസ്ഥയെ വൃത്തികെട്ടതാക്കുന്നവർ അതിന്റെ ഫലമായി ലഭിക്കുന്ന വൻ ലാഭത്തിന്റെ ഒരു ഭാഗമെങ്കിലും അതു വൃത്തിയാക്കുന്നവർക്കു നൽകണം.
അൽഗോരിതങ്ങളുടെ ലോകം തുറന്ന പഴുതുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അറിയുന്ന തട്ടിപ്പുകാരുടെയും കാപട്യക്കാരുടെയും തെറ്റായ വിശ്വാസങ്ങളുടെയും വഴിയിലൂടെ നമ്മെ വലിച്ചിഴയ്ക്കുന്നതിനുപകരം ഇതു ചെയ്യുക: വൈവിധ്യമാർന്നതും കരുത്തുറ്റതും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന് ധനസഹായം നൽകുന്നതിലൂടെ, അഗാധഗർത്തത്തിലേക്കുള്ള യാത്ര തുടരുന്നതിൽ നിന്ന് മനുഷ്യരാശിയെ തടയുക. ഭൂമിയുടെ ഭാവിയിലേക്കുള്ള ബിഗ് ടെക്കിന്റെ ഏറ്റവും വലിയ സംഭാവനയാകാം അത്.
(സെപ്റ്റംബർ 28 ന് ലോക വാർത്താ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പംക്തി. മാധ്യമപ്രവർത്തനം സമൂഹത്തിനേകുന്ന മൂല്യത്തിലും അതിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം)