ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതി; ലക്ഷ്യം യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ
Mail This Article
വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമ പദ്ധതികൾ മെനയുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇറാൻ ഭീഷണിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫിസാണ് ട്രംപിനു കൈമാറിയത്. ട്രംപിനെ വധിച്ച് യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെങ്കിലും അവർ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘എനിക്കു ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുൻപൊരിക്കലും ഉണ്ടായിട്ടില്ല’– സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാർഥിയായ ശേഷം ട്രംപിനു നേരെ നടന്ന 2 വധശ്രമങ്ങൾ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷേ, ഇറാന്റെ ഗൂഢപദ്ധതിയിൽ പങ്കാളിയെന്നു കരുതുന്ന ഒരു പാക്കിസ്ഥാൻകാരനെ മാസങ്ങൾക്കു മുൻപ് അറസ്റ്റുചെയ്തിരുന്നു. ഇതിനിടെ, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിന്റെ അരിസോനയിലെ ഓഫിസിനു നേരെ കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പിന്റെ വിവരങ്ങൾ പുറത്തുവന്നത് പരിഭ്രാന്തി പരത്തി.