ഹിസ്ബുല്ലയുടെ പുതിയ മേധാവി ആര് ? ഹാഷിം സഫിയ്യുദ്ദീന് സാധ്യത
Mail This Article
ബെയ്റൂട്ട് ∙ ഹസൻ നസ്റല്ലയുടെ പിൻഗാമിയെ ഹിസ്ബുല്ല ഉടൻ പ്രഖ്യാപിക്കിച്ചേക്കില്ലെന്നു സൂചന. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ മേധാവിയെയും ഇസ്രയേൽ ലക്ഷ്യമിട്ടേക്കുമെന്നതു പരിഗണിച്ചാണിത്. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ ഉന്നത നേതാക്കൾ മുഴുവനും കൊല്ലപ്പെട്ട സാഹചര്യത്തിൽ നേതൃനിരയിൽ വലിയ ശൂന്യതയും ഹിസ്ബുല്ല നേരിടുന്നുണ്ട്.
അതേസമയം, ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ തലവനും നസ്റല്ലയുടെ ബന്ധുവുമായ ഹാഷിം സഫിയ്യുദ്ദീൻ (60) അടുത്ത മേധാവിയായേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇറാഖിൽ പഠനകാലത്തു നസ്റല്ലയുടെ സഹപാഠിയായിരുന്നു.1980കളിൽ ഇരുവരും ഒരുമിച്ചാണു ഹിസ്ബുല്ലയിൽ ചേർന്നത്. ഹിസ്ബുല്ലയ്ക്കു പിന്തുണ നൽകുന്ന ഇറാന്റെ നേതൃത്വവുമായി അടുത്തബന്ധമുള്ള സഫിയ്യുദ്ദീനെ സൗദി അറേബ്യയും യുഎസും ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2020 ൽ യുഎസ് കൊലപ്പെടുത്തിയ ഇറാൻ ജനറൽ ക്വാസിം സുലൈമാനിയുടെ മകളെയാണു സഫിയ്യുദ്ദീന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത്.
ഹിസ്ബുല്ലയുടെ ഉപമേധാവിയായ നയീം ഖാസിം (71) ആണു സാധ്യതയുള്ള മറ്റൊരാൾ. സംഘടനയിൽ രണ്ടാമനായാണ് അറിയപ്പെടുന്നത്. 1970കൾ മുതൽ ലബനനിലെ ഷിയ രാഷ്ട്രീയമണ്ഡലത്തിൽ സജീവമായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ശനിയാഴ്ച വൈകിട്ടു വീണ്ടെടുത്ത ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയുടെ മൃതദേഹത്തിൽ പരുക്കുകളില്ലായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. ഉഗ്ര സ്ഫോടനത്തിന്റെ ആഘാതമാണു മരണകാരണമെന്നാണു നിഗമനം. മരണം സ്ഥിരീകരിച്ചു ഹിസ്ബുല്ല ശനിയാഴ്ച നൽകിയ പ്രസ്താവനയിൽ മറ്റു വിശദാംശങ്ങളില്ലായിരുന്നു. നസ്റല്ലയുടെ സുരക്ഷായൂണിറ്റ് മേധാവി ഇബ്രാഹിം ഹുസൈൻ ജസിനി, നസ്റല്ലയുടെ വിശ്വസ്തനായ സമീർ തൗഫീഖ് എന്നിവരും വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.