ADVERTISEMENT

‌വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ ജോർജിയയിലെ കൊച്ചുവീട്ടിൽ ഇന്നലെ നൂറാം ജന്മദിനം ആഘോഷിച്ചു. രാജ്യാന്തര മധ്യസ്ഥ  ശ്രമങ്ങൾക്കു സമാധാന നൊബേൽ നേടിയും അർബുദത്തെ അതിജീവിച്ചും പ്രത്യാശ  നൽകുന്ന ജീവിതം. 

ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981 വരെ യുഎസ് പ്രസിഡന്റായിരുന്നു. അതിനുശേഷം 43 വർഷവും 255 ദിവസവും കഴിഞ്ഞു. 95 വയസ്സിനപ്പുറം ജീവിച്ച മറ്റൊരു പ്രസിഡന്റില്ല. 2018 നവംബർ 30ന് 94–ാം വയസ്സിൽ അന്തരിച്ച മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിനു ശേഷം ആയുസ്സിലെ എല്ലാ റെക്കോർഡുകളും കാർട്ടറുടെ സ്വന്തമാണ്. മുൻപ്രസിഡന്റായി കൂടുതൽ കാലം ജീവിച്ചതിന്റെ റെക്കോർഡ് ഹെർബർട്ട് ഹൂവറിനായിരുന്നു: 31 വർഷവും 230 ദിവസവും.  

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട് ആശുപത്രിയാക്കിയുള്ള സ്നേഹപരിചരണത്തിൽ കഴിയുന്ന കാർട്ടർ പുഴയിലെ മീൻപിടിത്തവും മരപ്പണിയും പോലെ ഇഷ്‌ടവിനോദങ്ങൾ നഷ്ടമായതിന്റെ സങ്കടം ഇടയ്ക്കു പങ്കുവയ്ക്കുമെങ്കിലും നിരാശനാകുന്നില്ല. അടുത്തമാസത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണിപ്പോൾ. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു. കാർട്ടർക്ക് സംഗീതാശംസയുമായി അറ്റ്‌ലാന്റയിലെ ഫോക്സ് തിയറ്ററിൽ കഴി‍ഞ്ഞ 17ന് ആഘോഷം നടന്നിരുന്നു. സംഗീതപരിപാടി വഴി സമാഹരിച്ച 10 ലക്ഷം ഡോളർ ജീവകാരുണ്യത്തിനാണ്.

English Summary:

US former president Jimmy Carter turns 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com