ഇസ്രയേൽ – ഹിസ്ബുല്ല നേർക്കുനേർ യുദ്ധം; വിമാനസർവീസുകൾ തടസ്സപ്പെട്ടു
Mail This Article
ജറുസലം ∙ ഇസ്രയേലിൽ ചൊവ്വാഴ്ച രാത്രി ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ മധ്യപൂർവദേശത്തു സ്ഥിതി കൂടുതൽ വഷളാക്കവേ, തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടൽ തുടങ്ങി. 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഒട്ടേറെ സൈനികർക്കു പരുക്കേറ്റു. ലബനൻ യുദ്ധമുഖത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആൾനാശമാണിത്. കൂടുതൽ സൈനികർ ലബനനിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ 24 ഗ്രാമങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നൽകി.
ഇറാനു തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ എന്തെങ്കിലും ചെയ്താൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാനും താക്കീതു നൽകി. സംഘർഷം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോടു ജാഗ്രത പാലിക്കാനും അവിടേക്ക് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. ഗൾഫ് രാജ്യങ്ങളിൽ അടക്കം മധ്യപൂർവദേശത്തു വിമാനസർവീസുകൾ തടസ്സപ്പെട്ടു.
ബെയ്റൂട്ടിന്റെ തെക്കൻ മേഖലയിൽ ഇന്നലെ ഇസ്രയേൽ ബോംബിട്ടതായി അറിയിച്ച ഹിസ്ബുല്ല വക്താവ്, അതിർത്തിയിലെ ഒദൈസാ, മറോൺ അൽ റാസ് എന്നീ ഗ്രാമങ്ങളിൽ ഇസ്രയേൽ സൈന്യത്തിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നു വ്യക്തമാക്കി. 3 ടാങ്കുകൾ റോക്കറ്റ് ആക്രമണത്തിലൂടെ തകർത്തു. 2006നുശേഷം ഇതാദ്യമാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ വെടിയുതിർക്കുന്നത്.
ലബനൻ ഭൂപ്രദേശത്തു 400 മീറ്ററോളം കടന്നുകയറിയ ഇസ്രയേൽ സൈന്യം താമസിയാതെ പിൻമാറിയെന്നാണു ലബനൻ സൈന്യത്തിന്റെ പ്രസ്താവന. വിഷയത്തിൽ ലബനൻ സൈന്യത്തിന്റെ ആദ്യ പ്രതികരണമാണിത്.
ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്കു മിനിറ്റുകൾക്കു മുൻപ് ടെൽ അവീവിലെ ജഫയിലുണ്ടായ വെടിവയ്പിൽ 7 പേരാണു കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു. രണ്ടു പലസ്തീൻയുവാക്കളാണു വെടിവയ്പു നടത്തിയത്. അതിനിടെ, ഡെൻമാർക്കിൽ കോപ്പൻഹേഗനിൽ ഇസ്രയേൽ എംബസിക്കു സമീപം 2 സ്ഫോടനങ്ങളുണ്ടായി. 3 പേർ കസ്റ്റഡിയിലായി.
അതിനിടെ, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഡമാസ്കസിലെ മിസാ പട്ടണത്തിലെ പാർപ്പിടസമുച്ചയമാണു മിസൈൽ ആക്രമണത്തിൽ തകർന്നത്.
യുഎൻ സെക്രട്ടറി ജനറലിന് ഇസ്രയേലിൽ വിലക്ക്
ജറുസലം ∙ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രാജ്യത്തു പ്രവേശിക്കുന്നത് ഇസ്രയേൽ വിലക്കി. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ വ്യക്തമായി അപലപിച്ചില്ലെന്നും പക്ഷപാതം കാട്ടിയെന്നുമാരോപിച്ചാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഇറാൻ ആക്രമണത്തെ താൻ വീണ്ടും ശക്തമായി അപലപിക്കുന്നുവെന്ന് ഇന്നലെ യുഎൻ രക്ഷാസമിതി യോഗത്തിനുശേഷം ഗുട്ടെറസ് പറഞ്ഞു.