ADVERTISEMENT

ന്യൂഡൽഹി ∙ ലബനനിലെ ഹിസ്‌ബുല്ല താവളങ്ങളിലേക്കു കരയാക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിക്കുകയും തുടർന്ന് ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ രണ്ടു സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. 

സൈനികശേഷിയിലും സാങ്കേതിക മികവിലും പശ്ചിമേഷ്യയിലെ ഒന്നാംനിര രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും. ചുറ്റുമുള്ള സുന്നി മുസ്‌ലിം രാജ്യങ്ങളുമായി പലതവണ യുദ്ധങ്ങളിലും യുദ്ധേതര ഓപ്പറേഷനുകളിലും ഏർപ്പെട്ടിട്ടുള്ള ഇസ്രയേൽ ഇതുവരെ ഇറാനുമായി സൈനികമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഇസ്രയേലിന്റെ പക്കൽ ആണവായുധമുണ്ടെന്നതു പരസ്യമായ രഹസ്യമാണെങ്കിൽ ഇറാനും അതു നിർമിക്കാനുള്ള ശേഷിയുണ്ടെന്നാണു കരുതുന്നത്.

misile-2

തെക്കൻ ലബനനിൽനിന്ന് ഇസ്രയേലിനെ ഡ്രോൺ – മിസൈൽ ആക്രമണങ്ങളിലൂടെ ശല്യം ചെയ്തുകൊണ്ടിരുന്ന ഷിയാ സംഘടനയായ ഹിസ്ബുല്ലയ്ക്ക് പണവും ആയുധവും വെടിക്കോപ്പും നൽകിക്കൊണ്ടിരുന്നത് ഇറാനാണ്. ഹിസ്ബുല്ലയുടെ നേതൃത്വത്തെ ഇസ്രയേൽ തകർത്തുതുടങ്ങിയതോടെയാണ് ഇറാൻ മിസൈൽ ആക്രമണവുമായി രംഗത്തെത്തിയത്. ഏപ്രിലിലും ഇറാൻ പരിമിതമായ നിലയിൽ ഇസ്രയേലിലേക്കു മിസൈൽ ആക്രമണം നടത്തിയിരുന്നു.

തൽക്കാലം ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങളിലേക്ക് കൃത്യമായ ആക്രമണം നടത്തുകമാത്രമാണ് ഇറാൻ ചെയ്തിട്ടുള്ളത്. ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. മിക്ക മിസൈലുകളും ഇസ്രയേൽ പ്രതിരോധിച്ച് ആകാശത്തുവച്ചുതന്നെ തകർത്തതായി അവകാശപ്പെടുന്നു. ഇസ്രയേലിന്റെ സ്പെഷൽ ഫോഴ്സസ് സൈനികർ നേരത്തെതന്നെ ലബനനിലെ ഹിസ്ബുല്ല താവളങ്ങളിൽ എത്തിയിരുന്നുവെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

ഹിസ്ബുല്ലയ്ക്കുവേണ്ടി എത്രമാത്രം റിസ്ക് എടുക്കാൻ ഇറാൻ തയാറാകുമെന്ന് ഇനിയും വ്യക്തമല്ല. ലബനനിൽ സൈനികമായി നേരിട്ട് ഇടപെട്ടു ഹിസ്ബുല്ലയെ സഹായിക്കാൻ ഇറാനു സാധ്യമല്ല. ഹിസ്ബുല്ലയെ പൂർണമായി തകർക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുക മാത്രമാവും ഇറാന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.

missiles

ഏതായാലും ഇതോടെ ആഗോളശക്തികളുടെ സമീപനത്തിലും മാറ്റമുണ്ടായിരിക്കുകയാണ്. ഗാസയിലെ ഹമാസിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ നൽകിയിരുന്നതിനോടൊപ്പം സംയമനം പാലിക്കാനും യുഎസ് ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. അമേരിക്കയിൽ തന്നെയുള്ള പലസ്തീൻ അനുകൂല പൊതുജനാഭിപ്രായവും ലോകാഭിപ്രായവും കണക്കിലെടുത്തായിരുന്നു ഈ നിലപാട്.

എന്നാൽ ഇറാൻ രംഗത്തെത്തിയതോടെ യുഎസ് നിലപാട് മാറ്റിത്തുടങ്ങി. ഇറാനെതിരെ ഇസ്രയേലിന് ഏതുവിധ പിന്തുണയും നൽകാനാണ് യുഎസ് തയാറെടുക്കുന്നത്. അതേസമയം, ഇറാന് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്ന റഷ്യ തൽക്കാലം സംയമനം പാലിക്കാനാണ് ഇറാൻ നേതൃത്വത്തെ ഉപദേശിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിൻ കഴിഞ്ഞദിവസം ടെഹ്റാനിലെത്തി ഇറാൻ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

English Summary:

Israel's missile defence systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com