ഖനി നഗരമായ വുലേദർ പട്ടണം പിടിച്ച് റഷ്യ
Mail This Article
കീവ് ∙ കിഴക്കൻ യുക്രെയ്നിലെ കൽക്കരി ഖനി പട്ടണമായ വുലേദർ റഷ്യ നിയന്ത്രണത്തിലാക്കി. യുക്രെയ്നും റഷ്യയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വുലേദറിലെ കെട്ടിടങ്ങളുടെ മുകളിൽ റഷ്യൻ പതാക പാറുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഡോൺബാസ് മേഖലയിലെ വ്യവസായ സമൃദ്ധമായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളുടെ 80 ശതമാനവും ഇതോടെ റഷ്യയുടെ നിയന്ത്രണത്തിലായി.
യുക്രെയ്ൻ അധിനിവേശത്തിൽ പ്രധാന ലക്ഷ്യം ഡോൺബാസ് മേഖലയുടെ നിയന്ത്രണമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ നിർമിച്ച പട്ടണമാണ് വുലേദർ. ഇവിടുത്തെ 2 ഖനികളിൽ കൽക്കരിയുടെ വൻശേഖരം ഇനിയുമുണ്ട്. ഇതേസമയം, റഷ്യ ചൊവ്വ രാത്രി 32 ഡ്രോണുകൾ ഉപയോഗിച്ച് തെക്കൻ ഒഡേസ മേഖലയിൽ ആക്രമിച്ചെന്നും അതിൽ 11 ഡ്രോണുകൾ വീഴ്ത്തിയെന്നും യുക്രെയ്ൻ അറിയിച്ചു.