വെടിയുണ്ട ഉരസിക്കടന്നുപോയ അതേവേദിയിൽ ട്രംപ് വീണ്ടും; പിന്തുണയുമായി ഇലോൺ മസ്കും
Mail This Article
ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെൻസിൽവേനിയയിൽ തനിക്കെതിരെ വധശ്രമമുണ്ടായ അതേ സ്ഥലത്തു വീണ്ടും റാലി നടത്തി. ടെസ്‌ല സിഇഒയും സമൂഹമാധ്യമമായ എക്സിന്റെ ഉടമയുമായ ഇലോൺ മസ്ക് ട്രംപിന് വോട്ട് അഭ്യർഥിച്ച് റാലിക്കെത്തി. വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി.വാൻസും വേദിയിലുണ്ടായിരുന്നു.
ജൂലൈ 13 നു വെടിയുണ്ട ട്രംപിന്റെ കാതിൽ ഉരസിക്കടന്നുപോകുകയായിരുന്നു. അന്നു തടസ്സപ്പെട്ട പ്രസംഗം പുനരാരംഭിക്കുന്നതുപോലെയാണു ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ട്രംപ് സംസാരിച്ചുതുടങ്ങിയത്. വെടിവയ്പുണ്ടായ സമയമായ 6.11 ആയപ്പോഴേക്കും എല്ലാവരോടും ഒരു നിമിഷം മൗനമാചരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് 4 വട്ടം മണി മുഴങ്ങി. വെടിവയ്പിൽ കൊല്ലപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനെയും ട്രംപ് അടക്കം പരുക്കേറ്റ 3 പേരെയും സ്മരിച്ചായിരുന്നു ഇത്. ട്രംപ് ക്ഷണിച്ചതിനുപിന്നാലെ വേദിയിലെത്തിയ മസ്ക് രണ്ടു കൈകളും ഉയർത്തിവീശി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.
എതിർസ്ഥാനാർഥിയായ വൈസ് പ്രസിഡന്റ് കമല ഹാരിസ് മാർക്സിസ്റ്റാണെന്ന ആരോപണം ആവർത്തിച്ച ട്രംപ്, യുഎസ് കോൺഗ്രസിൽ അവർ പരിഹാസ്യകഥാപാത്രമാണെന്നും പറഞ്ഞു. ട്രംപ് വെടിയുണ്ട ഏറ്റുവാങ്ങിയത് ജനാധിപത്യത്തിനുവേണ്ടിയാണെന്നു വാൻസ് പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്.
സെപ്റ്റംബർ 15ന് ഫ്ലോറിഡയിലെ വെസ്റ്റ്പാംബീച്ചിൽ ട്രംപിന്റെ ഗോൾഫ് കോഴ്സിൽ തോക്കുമായി ഒളിച്ചിരുന്ന യുവാവും പിടിയിലായിരുന്നു.