ഏറ്റവും കൂടുതൽ നാൾ ജീവിച്ച പ്രൊജേറിയ രോഗി മരിച്ചു; ഇറ്റലിക്കാരന്റെ മരണം 28–ാം വയസ്സിൽ
Mail This Article
മിലാൻ∙ അതിവേഗത്തിൽ വാർധക്യം സംഭവിച്ചു മരിക്കുന്ന പ്രൊജേറിയ രോഗികളിൽ ഏറ്റവും കൂടുതൽകാലം ജീവിച്ചിരുന്ന സാമി ബാസോ ഓർമയായി. ഇറ്റലിയിലെ മിലാനിലാണ് സാമി 28–ാം വയസ്സിൽ അന്തരിച്ചത്.
ഹച്ചിൻസൻ ഗിൽഫോർഡ് സിൻഡ്രോം എന്നും അറിയപ്പെടുന്ന പ്രൊജേറിയ ബാധിച്ചവർ ശരാശരി 13.5 വർഷം വരെയാണ് ജീവിക്കുന്നത്. ജനിക്കുന്ന 80 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം കിട്ടുന്ന അപൂർവ രോഗമാണ് പ്രൊജേറിയ. അമിതാഭ് ബച്ചൻ അഭിനയിച്ച ‘പാ’ എന്ന ഹിന്ദി സിനിമയുടെ കഥ ഈ രോഗം പശ്ചാത്തലമാക്കിയാണ്. 2009ൽ പുറത്തുവന്ന ഈ ചിത്രത്തിൽ അമിതാഭ് പ്രൊജീറിയ രോഗിയെയാണ് അവതരിപ്പിച്ചത്.
1995ൽ വടക്കൻ ഇറ്റലിയിലെ വെനീറ്റോ മേഖലയിലാണു സാമി ജനിച്ചത്. 2 വയസ്സുള്ളപ്പോൾ രോഗം സ്ഥിരീകരിച്ചു. നാഷനൽ ജ്യോഗ്രഫിക്കിന്റെ ഡോക്യുമെന്ററിയായ ‘സാമീസ് ജേണി’യിലൂടെ അദ്ദേഹം പ്രശസ്തനായി. നിലവിൽ ലോകത്ത് രേഖപ്പെടുത്തപ്പെട്ട 350 പ്രൊജേറിയ രോഗികളാണുള്ളത്. ഇവരിൽ 4 പേർ ഇറ്റലിയിലാണ്.