ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിറന്നാൾ ദിനത്തിൽ അനുയായികൾ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 80 പൊലീസുകാർക്കു പരുക്കേറ്റു. ഇമ്രാൻഖാന്റെ മോചനം ആവശ്യപ്പെട്ട്, അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽനിന്നാണു മാർച്ച് ആരംഭിച്ചത്. മുഖ്യമന്ത്രി അലി അമിൻ ഗണ്ഡപുരിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം പൊലീസിനു നേരെ വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു എന്ന് ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു.

സംഘർഷം ശക്തമായതോടെ അധികൃതർ ഇസ്‌ലാമാബാദ്, ലഹോർ അതിർത്തികൾ അടയ്ക്കുകയും മൊബൈൽ ഫോൺ സർവീസ് തടയുകയും ചെയ്തു. അലി അമിൻ ഗണ്ഡപുരിനെ അറസ്റ്റ് ചെയ്തു. 700 ൽ ഏറെ പ്രവർത്തകരും അറസ്റ്റിലായി. ലഹോർ ഹൈക്കോടതിക്കു പുറത്ത് പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ ലാത്തിച്ചാർജ് ഉണ്ടായി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുൾപ്പെടെ ഒട്ടേറെ രാജ്യാന്തര യോഗങ്ങൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ ഇസ്‌ലാമാബാദിലും ലഹോറിലും സുരക്ഷ ശക്തമാക്കിയിരിക്കയാണ്. സഹായത്തിന് കരസേനയെയും വിന്യസിച്ചിട്ടുണ്ട്.

വിദേശ എംബസികളും നയതന്ത്രപ്രതിനിധികളും തങ്ങുന്ന റെഡ്സോണിൽ കടന്നുകയറാനായിരുന്നു പ്രതിഷേധക്കാരുടെ നീക്കമെന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. റാവൽപിണ്ടിയിലെ ജയിലിൽ ഒരു വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം.

English Summary:

Imran Khan's supporters on his birthday turned violent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com