ADVERTISEMENT

ജറുസലം ∙ ഗാസ യുദ്ധം ഒരു വർഷം പിന്നിടുമ്പോഴും സമാധാനപ്രതീക്ഷ അകലെ. ഹമാസ് വീണ്ടും സംഘം ചേരുന്നു എന്നാരോപിച്ച് ഗാസയിൽ കരയിൽനിന്നും ആകാശത്തുനിന്നും ആക്രമണം വ്യാപിപ്പിച്ച ഇസ്രയേൽ, വടക്ക് ജബാലിയയിലും തെക്ക് ഖാൻ യൂനിസിലും അവശേഷിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. വാർഷികദിനത്തിലെ ആക്രമണങ്ങളിൽ 52 പലസ്തീൻകാർ കൊല്ലപ്പെട്ടു. 

ഇന്നലെ രാവിലെ ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്ക് ഹമാസും തുറമുഖനഗരമായ ഹൈഫയിലേക്ക് ഹിസ്ബുല്ലയും റോക്കറ്റാക്രമണം നടത്തി. ഹൈഫയിൽ 10 പേർക്കും ടെൽ അവീവിൽ 2 പേർക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. റോക്കറ്റുകളിലേറെയും ഇസ്രയേൽ വെടിവച്ചിട്ടു. വടക്കൻ ഗലീലി മേഖലയിലെ തൈബീരിയസിലും ‍ഡസൻകണക്കിനു റോക്കറ്റുകൾ പതിച്ചു. തെക്കൻ ലബനൻ അതിർത്തിയിലെ ബിന്ദ് ജബീൽ പട്ടണത്തിലെ മുൻ‌സിപ്പൽ കെട്ടിടത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 10 ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലബനൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ ഇസ്രയേൽ സൈനികനും കൊല്ലപ്പെട്ടു. ബെയ്റൂട്ടിലും കനത്ത ബോംബാക്രമണമുണ്ടായി.

തിങ്കളാഴ്ച രാവിലെയോടെ വടക്കൻ ഗാസയിൽ ജബാലിയ അഭയാർഥി ക്യാംപ് മേഖലയിൽ ഇസ്രയേൽ കനത്ത ബോംബാക്രമണമാണു നടത്തിയത്. കൂടുതൽ സൈനിക ടാങ്കുകൾ പ്രദേശം വളഞ്ഞു. ജബാലിയയിലെ ബെയ്ത് ഹനൂൻ, ബെയ്ത് ലാഹിയ എന്നീ പട്ടണങ്ങളിലെ ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ടു.

മധ്യഗാസയിലെ ദെയ്റൽ ബലാഹിലെ അൽ അഖ്‌സ ആശുപത്രി വളപ്പിലെ അഭയാർഥികൂടാരങ്ങളിലും ബോംബിട്ടു. 11 പേർക്കു പരുക്കേറ്റു. 

English Summary:

Heavy attack on Gaza anniversary day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com