ലബനനിൽ യുഎൻ സേനയ്ക്കു നേരെ ഇസ്രയേൽ വെടിവയ്പ്
Mail This Article
ജറുസലം ∙ തെക്കൻ ലബനൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമാധാനസേനയുടെ നിരീക്ഷണ ടവറിനുനേരെ തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സൈന്യം വെടിയുതിർത്തു. 2 യുഎൻ സൈനികർക്കു പരുക്കേറ്റു. വ്യാഴാഴ്ചത്തെ വെടിവയ്പിൽ 2 ഇന്തൊനീഷ്യൻ സൈനികർക്കു പരുക്കേറ്റിരുന്നു.
-
Also Read
‘ലോകം കേൾക്കണം, ഹിബാകുഷയുടെ കഥകൾ’
വ്യാഴാഴ്ച രാത്രി ബെയ്റൂട്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 139 പേർക്കു പരുക്കേറ്റു. ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ വഫീഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സഫ രക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്. കഴിഞ്ഞമാസം 23 നു ശേഷം ലബനനിൽ നടത്തിയ ശക്തമായ മൂന്നാമത്തെ വ്യോമാക്രമണമാണു വ്യാഴാഴ്ച രാത്രിയിലേത്.
ലബനൻ തീരപട്ടണമായ നഖൗരയിലെ യുഎൻ സമാധാനയുടെ മുഖ്യതാവളത്തിലെ നിരീക്ഷണ ടവറിനുനേരെയാണ് ഇസ്രയേൽ ടാങ്കുകൾ വെടിയുതിർത്തത്. സമാധാനസേനയ്ക്കു നേരെയുള്ള ആക്രമണത്തെ റഷ്യ അപലപിച്ചു. ഫ്രാൻസ്, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളും ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, അപകടമൊഴിവാക്കാൻ യുഎൻ സേന 5 കിലോമീറ്റർ വടക്കോട്ടു മാറണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനക്കമ്പനികൾ മധ്യപൂർവദേശത്തേക്കുള്ള സർവീസുകൾ നിർത്തിവച്ചു. അതിനിടെ തെക്കൻ ലബനനിലെ അതിർത്തിപ്പട്ടണമായ ബിന്ദ് ജബീൽ പ്രവിശ്യയിലെ കഫ്റയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 2 ലബനീസ് സൈനികർ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു.
അതേസമയം, ഗാസയിൽ തുടരുന്ന കനത്ത ആക്രമണത്തിൽ 24 മണിക്കൂറിനിടെ 61 പലസ്തീൻകാർ കൊല്ലപ്പെട്ടു. 231 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇതുവരെ 42,126 പലസ്തീൻകാർ കൊല്ലപ്പെട്ടു. 98,117 പേർക്കു പരുക്കേറ്റു.
ആക്രമണത്തെ അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി ∙ ലബനനിൽ യുഎൻ സമാധാനസേനയ്ക്കു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ‘മേഖലയിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കയുണ്ട്. യുഎൻ സേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ലോകരാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരുകയാണ്’– വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ലബനനിലുള്ള യുഎൻ സമാധാനസേനയിൽ 903 ഇന്ത്യൻ സൈനികരുണ്ട്. ഇവർ സുരക്ഷിതരാണെന്നാണു വിവരം. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ഫ്രാൻസ്, മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ സൈനികരാണു ലബനനിലുള്ളത്.