ADVERTISEMENT

കയ്റോ ∙ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ, ഭക്ഷണത്തിനു കാത്തുനിന്നിരുന്ന കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. പലസ്തീനിയൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം പരിശോധിച്ചു വരുന്നതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 

ഹമാസ് വീണ്ടും സംഘടിക്കുന്നുവെന്ന സൂചന ലഭിച്ച വടക്കൻ ഗാസയിലെ ജബാലിയ മേഖലയിലാണു 10 ദിവസമായി ഇസ്രയേൽ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളഞ്ഞ സേന ബെയ്ത് ലഹിയ, ബെയ്ത് ഹനൂൺ നഗരങ്ങളിലേക്ക് ടാങ്കുകൾ അയച്ച് ആക്രമണം ശക്തിപ്പെടുത്തുകയാണ്.

ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടെങ്കിലും ഹമാസ് ഇതു തടയുകയാണെന്നും റിപ്പോർട്ടുണ്ട്. 

ഇസ്രയേൽ ആക്രമണം പ്രതിരോധിക്കുന്നതായി ഹമാസ് അവകാശപ്പെട്ടു. ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് വടക്കൻ ഗാസ കൈവശപ്പെടുത്താനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ആരോപിച്ചു. എന്നാൽ, ഇവിടെ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന ഹമാസിനെ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും മറ്റുപദ്ധതികളൊന്നുമില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. 

അതേസമയം, ദേർ അൽ ബലാഹ് മേഖലയിൽ അൽ അക്സ ആശുപത്രി മുറ്റത്തെ ക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായും ടെന്റിനു തീപിടിച്ച് പത്തിലേറെപ്പേർക്കു പൊള്ളലേറ്റതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവിടെ മുൻപ് ഇസ്രയേൽ നടത്തിയ സമാന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. 

തെക്കൻ ലബനനിൽ യുഎൻ സമാധാന സേനയുടെ ക്യാംപിലേക്ക് ഇസ്രയേൽ ടാങ്കുകൾ ഇരച്ചുകയറിയതായി യുഎൻ ആരോപിച്ചു. കവാടം തകർത്തു കയറിയ ടാങ്കുകൾ മടങ്ങിയതിനുശേഷം 100 മീറ്റർ അകലെ ഷെല്ലാക്രമണമുണ്ടായെന്നും ഇതിന്റെ ആഘാതത്തിൽ ക്യാംപിലുള്ളവർക്കു പരുക്കേറ്റെന്നുമാണു റിപ്പോർട്ട്.

ലബനൻ തൊടുത്തുവിട്ട മിസൈലുകൾ പതിച്ചു ടാങ്കുകൾ തകർന്നതായും 25 സൈനികർക്കു പരുക്കേറ്റതായും ഇസ്രയേൽ പറഞ്ഞു. ഈ ആക്രമണം ചെറുക്കുകയാണു ചെയ്തതെന്നും യുഎൻ ക്യാംപിൽ ആക്രമണം നടത്തിയിട്ടില്ലെന്നുമാണ് അവരുടെ വാദം. 

English Summary:

Attack on Jabalia refugee camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com