ട്രംപിനു നേരെയുള്ള മൂന്നാമത്തെ വധശ്രമം തടഞ്ഞതായി പൊലീസ്
Mail This Article
ലൊസാഞ്ചലസ് ∙ യുഎസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാനുള്ള മറ്റൊരു പദ്ധതി പൊലീസ് തകർത്തു. ശനിയാഴ്ച കലിഫോർണിയയിൽ ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായി നിറതോക്കുമായി വന്ന ലാസ് വേഗസ് സ്വദേശി വെം മില്ലറെ (49) പിടികൂടി. വാഹനത്തിന് റജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല; ലൈസൻസ് പ്ലേറ്റ് വ്യാജമായിരുന്നു. പൊലീസ് തിരക്കിയപ്പോൾ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയൽരേഖകളൊന്നും കയ്യിലുണ്ടായിരുന്നില്ല.
വണ്ടിക്കകത്ത് സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നതു ശ്രദ്ധിച്ച പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രേഖകളില്ലാത്ത തോക്കുകളും തിരകളും കണ്ടെത്തിയത്. പല പേരുകളിലുള്ള ഡ്രൈവിങ് ലൈസൻസുകളും കണ്ടെടുത്തു.
മില്ലറെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ട്രംപ് വേദിയിൽ എത്തുംമുൻപായിരുന്നു സംഭവം. വധിക്കാൻ വന്നതല്ലെന്നും ട്രംപ് അനുയായിയായ താൻ ഒരു ആർട്ടിസ്റ്റാണെന്നും മില്ലർ പറഞ്ഞു.
അടുത്തകാലത്തു 2 തവണ ട്രംപിനു നേരെ വധശ്രമം ഉണ്ടായി. കഴിഞ്ഞമാസം ഫ്ലോറിഡയിലെ വെസ്റ്റ്പാം ബീച്ചിലുള്ള ഗോൾഫ് ക്ലബ്ബിനു സമീപം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു വെടിവച്ചയാളെ അറസ്റ്റ് ചെയ്തിരുന്നു. അതിനു മുൻപു ജൂലൈയിൽ പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പു പ്രചാരണവേദിയിൽ ട്രംപ് പ്രസംഗിക്കുമ്പോൾ 20 വയസ്സുകാരൻ വെടിവയ്പു നടത്തിയിരുന്നു. വെടിയുണ്ടകളിലൊന്ന് ട്രംപിന്റെ ചെവിയിലുരസി കടന്നുപോയി. വെടിവച്ച യുവാവിനെ സുരക്ഷാസേന വധിച്ചു.