ADVERTISEMENT

ജറുസലം ∙ ദക്ഷിണ ലബനനിലെ യുഎൻ സമാധാനസേനാ കേന്ദ്രത്തിൽ വീണ്ടും ഇസ്രയേൽ സേനയുടെ ആക്രമണം. ‘ബ്ലൂലൈൻ’ ലംഘിച്ച ഇസ്രയേൽ സേനയുടെ ടാങ്കുകൾ സമാധാനസേനാകേന്ദ്രത്തിന്റെ പ്രധാന ഗേറ്റ് തകർത്തെന്നും സംഘർഷത്തിൽ 15 സമാധാന സേനാംഗങ്ങൾക്ക് നേരിയ പരുക്കേറ്റതായും അധികൃതർ അറിയിച്ചു. വിശദീകരണം തേടിയെങ്കിലും ഇസ്രയേൽ പ്രതികരിച്ചിട്ടില്ലെന്നും അറിയിച്ചു. 

ഇതേസമയം, വടക്കൻ ഗാസയിലും തെക്കൻ ലബനനിലും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപിലെ ഒരു വീട് ബോംബാക്രമണത്തിൽ തകർന്ന് 6 കുട്ടികൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. 

വടക്കൻ ഗാസയിൽ ഇസ്രയേൽ ടാങ്കുകളുടെ മുന്നേറ്റം തടയാൻ ഹമാസ് സംഘടിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് ജബാലിയ അഭയാർഥി ക്യാംപിൽ പലതവണ കനത്ത ബോംബാക്രമണമുണ്ടായി. ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഗാസ നഗരം ഉൾപ്പെടെ വടക്കൻ ഗാസയിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഒന്നിനുശേഷം ഇവിടേക്ക് ഭക്ഷ്യവസ്തുക്കളൊന്നും എത്തിയിട്ടില്ലെന്നു യുഎൻ അറിയിച്ചു. ബെയ്ത് ഹനൂൻ, ജബാലിയ, ബെയ്ത് ലഹിയ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. ഇവിടെ നിന്നും ആരെയും പുറത്തുകടക്കാൻ അനുവദിക്കാതെ ഇസ്രയേൽ സേന പരിശോധന ശക്തിപ്പെടുത്തി. 

‍ഹമാസിനെ പിന്തുണച്ച് ഇസ്രയേലിലേക്കു മിസൈൽ, റോക്കറ്റ് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയ്ക്കെതിരെ ദക്ഷിണ ലബനനിൽ നിരന്തര ഡ്രോൺ ആക്രമണം നടത്തി. നബാത്തിയേ നഗരത്തിലെ പൗരാണിക വ്യാപാരകേന്ദ്രം ബോംബിങ്ങിൽ പൂർണമായും തകർന്നു. ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഓട്ടമൻ കാലത്തെ വ്യാപാരകേന്ദ്രമാണിത്. 12 ഭവനസമുച്ചയങ്ങളും 40 വ്യാപാരശാലകളും തകർന്നിട്ടുണ്ട്. 2 ആംബുലൻസുകളും ആക്രമണത്തിൽ തകർന്നു. ഹിസ്ബുല്ല ആയുധങ്ങൾ കടത്താൻ ആംബുലൻസ് ഉപയോഗിക്കുന്നതായി ഇസ്രയേൽ ആരോപിച്ചിരുന്നു. 

അവാലി നദിയുടെ വടക്കു ഭാഗത്തുള്ള 21 ഗ്രാമങ്ങളിലെ ജനങ്ങളോട് ഉടൻ ഒഴിയാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ ഹൈഫയിലെ ടിറാത് ഹകാർമൽ ഗതാഗതകേന്ദ്രത്തിൽ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. 

∙ ഗാസയിൽ ഇപ്പോഴത്തെ സംഘർഷത്തിൽ മരിച്ച പലസ്തീൻകാർ 42,227 ആയി. പരുക്കേറ്റവർ 98,464.

സമാധാനസേനയ്ക്ക് നേരെ ആക്രമം: യുഎൻ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ന്യൂയോർക്ക് ∙ ലബനനിലെ യുഎൻ സമാധാനസേനയ്ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രയേലിന്റെ സൈനികനടപടിക്കിടെയാണ് യുഎൻ സമാധാനസേനയ്ക്കു നേരെ ആക്രമണമുണ്ടായത്. 34 രാജ്യങ്ങൾ ഒപ്പുവച്ച് പോളണ്ട് കൊണ്ടുവന്ന പ്രമേയത്തിൽ ഒപ്പിട്ടിട്ടില്ലെങ്കിലും പ്രമേയത്തോട് ഇന്ത്യ പൂർണമായും യോജിക്കുന്നുവെന്നും ഇത്തരം ആക്രമണങ്ങൾ ഇനി ഉണ്ടാകരുതെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 903 പേരടക്കം 10,058 സൈനികരാണ് ലബനനിലെ യുഎൻ സമാധാനസേനയിലുള്ളത്. 

English Summary:

Israel attack on UN peacekeeping force center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com