പൊരുതുമോ ഹമാസ്?; ഹമാസിന്റെ സൈനികശേഷി സംബന്ധിച്ച് അവ്യക്തത
Mail This Article
ന്യൂഡൽഹി ∙ ഹമാസ് നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടെങ്കിലും ഹമാസ്–ഇസ്രയേൽ പോരാട്ടം തുടരാനാണു സാധ്യത. ഒന്നാമതായി, ഇസ്രയേലിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യം പൂർത്തിയായിട്ടില്ല. ശത്രുകമാൻഡറെ വധിക്കുക മാത്രമായിരുന്നില്ല ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിന്റെ ലക്ഷ്യം. എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുക, ഹമാസിനെ തകർക്കുക എന്നിവകൂടിയായിരുന്നു. രണ്ടും നേടിയിട്ടില്ല. മാത്രമല്ല, ഹമാസിന് ഇനി എത്ര സൈനികശേഷി ഉണ്ടെന്നു വ്യക്തമല്ല. എത്ര ഹമാസ് സൈനികർ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തതയില്ല. ഹമാസിനു 40,000 സൈനികർ ഉണ്ടായിരുന്നെന്നാണു നേരത്തേ കണക്കാക്കപ്പെട്ടിരുന്നത്.
ഗറില സൈന്യങ്ങൾ രണ്ടു ശൈലിയിലാണു പൊതുവേ പ്രവർത്തിക്കുന്നത്. ഒന്ന്, ഒരു നേതാവിനെ മാത്രം കേന്ദ്രീകരിച്ചുള്ള സൈനികഘടനയും പോരാട്ടശൈലിയും. തമിഴ് പുലികൾ ഇതിന് ഉദാഹരണമായിരുന്നു. ദ്രുതഗതിയിൽ തീരുമാനമെടുക്കാനും പോരാട്ടമുറകൾ മാറ്റാനും ഈ ശൈലിയിൽ സാധിക്കും. പക്ഷേ, നേതാവ് വീണാൽ സൈന്യവും തകരുമെന്നതാണ് ഇതിന്റെ ദൗർബല്യം. വേലുപ്പിള്ള പ്രഭാകരൻ വധിക്കപ്പെട്ടതോടെ പുലികളുടെ പോരാട്ടനിര തകർന്നത് അതിനാലാണ്.
വികേന്ദ്രീകൃത സൈനികഘടനയും പോരാട്ടശൈലിയുമാണു മറ്റൊന്ന്. തലപ്പത്തു നേതാവുണ്ടെങ്കിലും വിവിധ മേഖലകളിൽ പൊരുതുന്ന കമാൻഡർമാർക്കു തീരുമാനങ്ങളെടുക്കാനും പോരാട്ടമുറകൾ മാറ്റാനും ഇതിൽ സ്വാതന്ത്ര്യമുണ്ട്. ഹമാസ് മാത്രമല്ല, ഹിസ്ബുല്ലയും പൊതുവേ ഈ ശൈലിയിലാണു പൊരുതുന്നത്. അതിനാൽ നേതാവിന്റെ വീഴ്ച സൈന്യത്തെ കാര്യമായി ബാധിക്കില്ല. ഹമാസ് രാഷ്ട്രീയവിഭാഗം തലവൻ ഖാലിദ് മിശ്അൽ, സിൻവറിന്റെ സഹായിയായിരുന്ന ഖലീൽ അൽ ഹയ്യ, മൂസ അബൂ മർസൂഖ്, സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ എന്നിവരിലൊരാൾ നേതൃത്വം ഏറ്റെടുക്കുമെന്നാണു കരുതുന്നത്. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾ വരും ആഴ്ചകളിൽ കുറയാനാണു സാധ്യത. കൃത്യമായി പ്രത്യാക്രമണം നടത്തി ഇസ്രയേൽ സൈന്യം വിക്ഷേപിണികൾ തകർക്കുന്നതിനാലാണിത്. എന്നാൽ, ഗാസയിലെ തെരുവുയുദ്ധം മാസങ്ങളോളം തുടർന്നേക്കാം.