ഇസ്രയേൽ ആക്രമണം: ഗാസയിലെ മരണങ്ങളെപ്പറ്റി യുഎൻ റിപ്പോർട്ട്; 70% സ്ത്രീകളും കുട്ടികളും
Mail This Article
ജനീവ ∙ ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 70% പേരും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം നടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് യുഎൻ മനുഷ്യാവകാശ കമ്മിഷണർ വോൾക്കർ റ്റ്യുർക് ചൂണ്ടിക്കാട്ടി.
ആദ്യ ആറുമാസത്തെ മരണക്കണക്കുകൾ വിശദമായി പഠിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.പിറന്നുവീണതിന്റെ പിറ്റേന്നു കൊല്ലപ്പെട്ട ആൺകുഞ്ഞു മുതൽ 97 വയസ്സുള്ള വനിതവരെ ഇതിലുൾപ്പെടും. കൊല്ലപ്പെട്ടവരിലെ കുട്ടികൾ 44%.
ഗാസ സിറ്റിയിലെ അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 39 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസ യുദ്ധത്തിൽ ആകെ മരണം 43,508 ആയി. 1,02,684 പേർക്കു പരുക്കേറ്റു.
ഇതിനിടെ, ഇസ്രയേൽ പാർലമെന്റ് പാസ്സാക്കിയ പുതിയ നിയമത്തെച്ചൊല്ലി വിവാദം ശക്തമായി. പലസ്തീൻകാരായ അക്രമികളുടെ ബന്ധുക്കൾ ഇസ്രയേലിൽ താമസിക്കുന്നുണ്ടെങ്കിൽ അവരെ നാടുകടത്താനുള്ള നടപടികൾക്കു നിയമാനുമതി നൽകുന്ന നീക്കമാണ് ചർച്ചയാകുന്നത്. കുടുംബാംഗങ്ങൾ നടത്തുന്ന അക്രമങ്ങളെപ്പറ്റി നേരത്തേ വിവരം അറിയാവുന്നവരോ അത്തരം പ്രവൃത്തികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരോ ആയ പലസ്തീൻകാരെ ഗാസ ഉൾപ്പെടെ മേഖലകളിലേക്കു നാടുകടത്താനാണ് ആലോചന.
യുഎസിലെ പുതിയ ഇസ്രയേൽ അംബാസഡറായി യെഹിയേൽ ലെയ്റ്ററിനെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിയമിച്ചു.