ട്രംപിന്റെ വൈറ്റ്ഹൗസ് ടീം: സൂസി വൈൽസ് സ്റ്റാഫ് മേധാവിയാകും; വനിത ചരിത്രത്തിലാദ്യം
Mail This Article
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ ചരിത്രവിജയത്തിനു ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പു പ്രചാരണസംഘം മാനേജറും ഉപദേഷ്ടാവുമായ സൂസി വൈൽസും ചരിത്രം കുറിക്കാനൊരുങ്ങുന്നു. സൂസിയെ വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവിയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ ഇവർ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും.
പൊതുവേ പുരുഷന്മാർ കൂടുതലുള്ള ട്രംപിന്റെ വിശ്വസ്തസംഘത്തിലെ വേറിട്ട സാന്നിധ്യമായ സൂസി(67) അമേരിക്കൻ ഫുട്ബോൾ താരവും ബ്രോഡ്കാസ്റ്ററുമായിരുന്ന പാറ്റ് സമറോളിന്റെ മകളാണ്. റൊണാൾഡ് റെയ്ഗന്റെ 1980ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിലുണ്ടായിരുന്നു. ട്രംപിന്റെ രാഷ്ട്രീയ എടുത്തുചാട്ടങ്ങൾക്കു കടിഞ്ഞാണിടുന്ന കാവലാളായി നിരീക്ഷകർ സൂസിയെ വിശേഷിപ്പിക്കാറുണ്ട്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് 4 വർഷത്തിനിടെ 4 തവണ സ്റ്റാഫ് മേധാവിയെ മാറ്റിയിരുന്നു.
പ്രസിഡന്റായി ജനുവരിയിൽ അധികാരമേൽക്കുമ്പോൾ റിപ്പബ്ലിക്കൻ ഭരണകൂടത്തിന്റെ ഭാഗമാക്കേണ്ട പ്രമുഖരെ തീരുമാനിക്കുന്ന തിരക്കിൽ മുഴുകിയിരിക്കുന്ന ട്രംപ് സിഐഎ മേധാവിയായി ഇന്ത്യൻ വംശജൻ കശ്യപ് പട്ടേലിനെ(44) പരിഗണിക്കുന്നതായി അഭ്യൂഹമുണ്ട്. ഗുജറാത്തിൽ കുടുംബവേരുകളുള്ള കശ്യപ് അഭിഭാഷകനായിരിക്കെ 2019ൽ ആണ് ട്രംപിന്റെ ആദ്യ ഭരണകൂടത്തിന്റെ ഭാഗമായത്. പ്രതിരോധ വകുപ്പിൽ ഉൾപ്പെടെ ശ്രദ്ധേയ പദവികൾ വഹിച്ചു.
ഇതിനിടെ, നിലവിൽ 53 സീറ്റുമായി നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. അരിസോന, നെവാഡ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾ കൂടി ജയിച്ചാൽ 55 സീറ്റ് കിട്ടിയേക്കും. 435 അംഗ ജനപ്രതിനിധിസഭയിലും പാർട്ടി ഭൂരിപക്ഷം നേടുന്ന സൂചനയാണുള്ളത്. ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല.