മാർത്തോമ്മാ സഭ പൗരസ്ത്യ, പാശ്ചാത്യ സഭകളെ കൂട്ടിയിണക്കുന്നു: മാർപാപ്പ
Mail This Article
വത്തിക്കാൻ സിറ്റി ∙ പൗരസ്ത്യ സഭയെയും പാശ്ചാത്യ സഭയെയും കൂട്ടിയിണക്കുന്ന പാലമാണ് മാർത്തോമ്മാ സഭയെന്ന് ഫ്രാൻസിസ് മാർപാപ്പ. സഭാ ഐക്യ സംഭാഷണത്തിനായി വത്തിക്കാനിലെത്തിയ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരുടെ സംഘവുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നിരീക്ഷകനായി പങ്കെടുത്തതും 2022ൽ ഇരുസഭകളും തമ്മിൽ ചർച്ചകൾ ആരംഭിച്ചതും മാർപാപ്പ അനുസ്മരിച്ചു. സഭാ ഐക്യ സംഭാഷണ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. പ്രേഷിത പ്രവർത്തനങ്ങളെ പറ്റി എക്യുമെനിക്കൽ സിനഡ് സമ്മേളിക്കുന്നതു സംബന്ധിച്ച് മാർപാപ്പ പ്രതീക്ഷ പങ്കുവച്ചു.
സഭാ ഐക്യ ബന്ധത്തിന്റെ ഭാഗമായി മാർത്തോമ്മാ സഭയും ആഗോള കത്തോലിക്കാ സഭയും ആരംഭിച്ച ഡയലോഗിന്റെ തുടർച്ചയായാണ് ഫ്രാൻസിസ് മാർപാപ്പ മാർത്തോമ്മാ സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങളെ കൂടി കാഴ്ചയ്ക്ക് ക്ഷണിച്ചത്. മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിർദേശപ്രകാരം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയാണ് പ്രതിനിധി സംഘത്തെ നയിച്ചത്. ഡോ. ഐസക്ക് മാർ പീലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരാണ് സംഘത്തിലുള്ളത്. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാല, ഡിക്കാസ്റ്ററെ ഫോർ പ്രമോട്ടിങ് ക്രിസ്ത്യൻ യൂണിറ്റി എന്നിവിടങ്ങളിൽ നടക്കുന്ന പ്രത്യേക യോഗങ്ങളിലും പ്രതിനിധി സംഘം സംബന്ധിക്കും.രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇരു സഭകളും തമ്മിൽ ഔദ്യോഗികമായ കൂടിക്കാഴ്ചയും നടക്കുന്നത്.