പലസ്തീൻകാരെ ഒഴിപ്പിച്ച് വടക്കൻ ഗാസ കൂട്ടിച്ചേർക്കാൻ ഇസ്രയേൽ
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. വടക്കൻ ഗാസ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനാണു പദ്ധതിയുടെ ഭാഗമാണിത്. ട്രംപ് അധികാരമേൽക്കും മുൻപ് ഇതു പൂർത്തിയാക്കുമെന്നു റിപ്പോർട്ടുണ്ട്.
ജബാലിയ, ബെയ്ത്ത് ഹനൂൻ മേഖലകളിൽ 70,000 പലസ്തീൻകാർ ശേഷിക്കുന്നുണ്ടെന്നാണ് യുഎൻ കണക്ക്. ഹനൂനിലെ അഭയകേന്ദ്രമായ സ്കൂളുകൾ വളഞ്ഞ സൈനികടാങ്കുകൾ പലസ്തീൻകാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ഡ്രോണുകൾ വഴിയാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്.
ദെയ്റൽ ബലാഹിലെ കഫറ്റേറിയയിലും വീട്ടിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 14 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവിടെ ചിലയിടങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. ജബാലിയയിൽ ഇന്നലെ 4 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ഇവിടെ ഒരു മാസത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 24 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ ഇവിടെ ഒരുമാസത്തിനിടെ നൂറുകണക്കിനു പലസ്തീൻകാരും കൊല്ലപ്പെട്ടെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല.
വടക്കൻ ഗാസയിൽ അടിയന്തര ജീവകാരുണ്യത്തിന് 30 ദിവസത്തിനകം അവസരമൊരുക്കണമെന്ന് കഴിഞ്ഞ മാസം 13 ന് യുഎസ് ആവശ്യപ്പെട്ടത് അവഗണിച്ചാണ് ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നതെന്നും സഹായവിതരണത്തിന് യുഎസ് ആവശ്യപ്പെട്ട ഒരുകാര്യവും ഇസ്രയേൽ ചെയ്തിട്ടില്ലെന്നും ഓക്സ്ഫാം, സേവ് ദ് ചിൽഡ്രൻ, നോർവീജിയൻ റഫ്യൂജി കൗൺസിൽ എന്നിവയടക്കം 8 ജീവകാരുണ്യ സംഘടനകളുടെ റിപ്പോർട്ട് കുറ്റപ്പെടുത്തി. എന്നാൽ, ജബാലിയയിലും ബെയ്ത്ത് ഹാനൂനിലും നൂറുകണക്കിനു ഭക്ഷണപ്പൊതികളും വെള്ളവും വിതരണം ചെയ്യാൻ അനുവദിച്ചെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ലബനനിൽ വെടിനിർത്തലിനുള്ള സാധ്യത തള്ളിക്കളഞ്ഞ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന സൂചനയും നൽകി. ലബനനിലെ ഐൻ യാക്കൂബ് ഗ്രാമത്തിൽ ബോംബാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.
അതിനിടെ, ഐക്യരാഷ്ട്ര സംഘടനയിലും അനുബന്ധ സമിതികളിലും ഇസ്രയേലിന്റെ പങ്കാളിത്തം മരവിപ്പിക്കണമെന്ന് സൗദിയിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,665 പലസ്തീൻകാർ കൊല്ലപ്പെട്ടു.1,03,076 പേർക്കു പരുക്കേറ്റു. ലബനനിൽ 3,243 പേരും കൊല്ലപ്പെട്ടു.