ഗാസ പാർപ്പിട സമുച്ചയത്തിൽ ആക്രമണം; 72 മരണം
Mail This Article
ജറുസലം ∙ വടക്കൻ ഗാസയിലെ ബെയ്ത് ലഹിയയിലെ പാർപ്പിട സമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെയും മറ്റും 6 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ തുടർച്ചയായി ടാങ്ക് ആക്രമണം നടത്തി. ബെയ്ത് ലഹിയയിൽ ഇസ്രയേലിന്റെ ഒരു ടാങ്ക് തകർത്തതായി ഹമാസിന്റെ കൂട്ടാളികളായ ഇസ്‍ലാമിക് ജിഹാദ് പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ബുറേജ് അഭയാർഥി ക്യാംപിൽ പത്തും നുസേറിയത്തിൽ നാലും പേർ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ സൈനിക നടപടിയിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 43,846 ആയി.
ഇതേസമയം, ഇസ്രയേലിലെ തീരദേശ നഗരമായ സെസാറയിൽ പ്രസിഡന്റ് ബന്യാമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ ആക്രമണമുണ്ടായി. നെതന്യാഹുവും കുടുംബവും അവിടെ ഉണ്ടായിരുന്നില്ല. പൂന്തോട്ടത്തിൽ രണ്ട് തീബോംബുകൾ വീണെന്നും കാര്യമായ നാശമില്ലെന്നും പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 3 പേരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഹിസ്ബുല്ല നെതന്യാഹുവിന്റെ വസതിയിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അപ്പോഴും നെതന്യാഹുവും കുടുംബവും അവിടെ ഉണ്ടായിരുന്നില്ല.
ഇതിനിടെ, ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല മീഡിയ റിലേഷൻസ് തലവൻ മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇസ്രയേലിന്റെ കരസേന കൂടുതൽ ഉൾപ്രദേശങ്ങളിലേക്കു നീങ്ങി ഹിസ്ബുല്ലയുമായി ഏറ്റുമുട്ടുന്നതായി ലബനനിലെ ഔദ്യോഗിക നാഷനൽ ന്യൂസ് ഏജൻസി അറിയിച്ചു.