കാരലിൻ ലീവിറ്റ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയായി കാരലിൻ ലീവിറ്റിനെ (27) നിയോഗിച്ചു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ നാഷനൽ പ്രസ് സെക്രട്ടറിയായിരുന്ന ഇവർ 2016 ലെ ട്രംപ് സർക്കാരിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20ന് ചുമതലയേൽക്കും.
വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി സ്റ്റീവൻ ചാങ്ങിനെയും പ്രസിഡന്റിന്റെ പഴ്സനേൽ ഓഫിസ് ഡയറക്ടറായി സെർജിയോ ഗോറിനെയും നാമനിർദേശം ചെയ്തു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിൽ മുഖ്യ ഉപദേശകരായിരുന്നു ഇവർ. 2016–20 ൽ വൈറ്റ്ഹൗസ് ഡയറക്ടർ ഓഫ് സ്ട്രാറ്റജിക് റെസ്പോൺസ് ആയിരുന്ന ചാങ് 2024 ലും ട്രംപ്–വാൻസ് പ്രചാരണത്തിൽ ഡയറക്ടർ ഓഫ് കമ്യൂണിക്കേഷൻസ് ആയി വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
വൈറ്റ്ഹൗസ് ഊർജ സമിതി തലവനായി നോർത്ത് ഡെക്കോഡ ഗവർണർ ഡഗ് ബർഗമിനെ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സമിതിയിൽ അംഗത്വമുള്ള പദവിയാണിത്. ഇന്റീരിയർ ഡിപ്പാർട്മെന്റ് തലവന്റെ ചുമതലയും ബർഗമിനു നൽകിയിട്ടുണ്ട്.
പുതിയ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിലേക്കു ഇലോൺ മസ്കിനൊപ്പം നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഫെഡറൽ സർക്കാർ തസ്തികകൾ വൻതോതിൽ കുറയ്ക്കുമെന്ന് സൂചന നൽകി. പ്രവർത്തന റിപ്പോർട്ട് ഓരോ ആഴ്ചയും ലൈവ്സ്ട്രീമിലൂടെ ജനങ്ങളെ അറിയിക്കുമെന്ന് മസ്കും രാമസ്വാമിയും അറിയിച്ചിട്ടുണ്ട്.
ജയ് ക്ലെയ്റ്റൻ അറ്റോർണി; ഡാമിയനെ നീക്കി
ന്യൂയോർക്ക് ∙ സതേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർക്ക് അറ്റോർണിയായി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ മുൻ അധ്യക്ഷൻ ജയ് ക്ലെയ്റ്റനെ ട്രംപ് നാമനിർദേശം ചെയ്തു. സിഖ് വിഘടനവാദി നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ യുഎസിൽ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയുടെ ‘റോ’ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം നൽകിയ പ്രോസിക്യൂട്ടർ ഡാമിയൻ വില്യംസിനു പകരമാണ് ഇൗ നിയമനം.