ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി
Mail This Article
കൊളംബോ ∙ ശ്രീലങ്കയുടെ പുതുയുഗത്തിനു തുടക്കം കുറിച്ച്, 12 പുതുമുഖങ്ങൾ ഉൾപ്പെടെ 21 പേരടങ്ങുന്ന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 30 മന്ത്രിമാരെ നിയമിക്കാമെന്നിരിക്കെയാണ് പ്രകടനപത്രികയിലെ ചെലവുചുരുക്കൽ പ്രഖ്യാപനത്തിന് അടിവരയിട്ട് പ്രസിഡന്റ് അനുരകുമാര ദിസനായകെ ചെറിയ മന്ത്രിസഭ രൂപീകരിച്ചത്. പുതിയ പാർലമെന്റ് വ്യാഴാഴ്ച ചേരും.
ധനം, പ്രതിരോധം വകുപ്പുകൾ ദിസനായകെ നിലനിർത്തി. പ്രധാനമന്ത്രിയായി വീണ്ടും നിയമിക്കപ്പെട്ട ഹരിണി അമരസൂര്യയ്ക്കാണ് വിദ്യാഭ്യാസം. ഹരിണിയും സിംഹള ഭൂരിപക്ഷ മേഖലയിൽനിന്നുള്ള തമിഴ്‌വംശജ സരോജ സാവിത്രി പോൾരാജുമാണ് മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കൈകാര്യം ചെയ്യുന്ന വകുപ്പാണ് സരോജയ്ക്ക്. തമിഴ് വംശജനായ രാമലിംഗം ചന്ദ്രശേഖരനാണ് ഫിഷറീസ് വകുപ്പ്. പുതുമുഖങ്ങളിൽ 5 പേർ കോളജ് പ്രഫസർമാരാണ്. ഇവർക്ക് കരുത്തുപകരാൻ 2000 ലെ മന്ത്രിസഭയിലുണ്ടായിരുന്ന 8 പേരെയും പുതിയ മന്ത്രിസഭയിലേക്കു കൊണ്ടുവന്നു.
ദിസനായകെയുടെ പാർട്ടിയായ ജനത വിമുക്തി പെരമുന (ജെവിപി) നേതൃത്വം നൽകുന്ന നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്. 1978 ൽ ആനുപാതിക പ്രാതിനിധ്യസമ്പ്രദായം ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു പാർട്ടി മൂന്നിൽരണ്ടു ഭൂരിപക്ഷത്തിൽ വിജയിക്കുന്നത്.