ADVERTISEMENT

റിയോ ഡി ജനീറോ ∙ ‘വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യ’ത്തിനു തുടക്കമിട്ട് ബ്രസീൽ. റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയാണു സഖ്യം പ്രഖ്യാപിച്ചത്. ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും രാജ്യാന്തര ജീവകാരുണ്യ സംഘടനകളും കൈകോർക്കുന്ന മുന്നേറ്റമാണിത്. ആശയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ അറിയിച്ചു. 

ആഗോള സംഘർഷങ്ങൾ കാരണമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റിയതായി മോദി പറഞ്ഞു. 8 കോടിയിലേറെപ്പേർക്കു സൗജന്യമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസിന്റെ നേട്ടം 5.5 കോടിയിലേറെപ്പേർക്കു ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. 

നൈജീരിയൻ സന്ദർശനത്തിനു ശേഷം ഇന്നലെ രാവിലെയാണു പ്രധാനമന്ത്രി ബ്രസീലിൽ എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം ഹ്രസ്വസംഭാഷണം നടത്തി. അതേസമയം, ഉഭയകക്ഷി ചർച്ച നടക്കുമോ എന്നതിൽ വ്യക്തതയില്ല. ഇതിനിടെ, ലോകബാങ്കിന്റെ രാജ്യാന്തര വികസന കൂട്ടായ്മയ്ക്ക് 400 കോ‌ടി ഡോളർ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. 2021 ൽ 350 കോ‌ടി ഡോളറായിരുന്നു യുഎസ് സംഭാവന. ഏഷ്യ ഉൾപ്പെട്ട ആഗോള തെക്കൻമേഖലയ്ക്ക് കൂട‌ുതൽ പിന്തുണ നൽകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പു നൽകി. ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ വിദേശനയം ഉൾപ്പെടെ എട്ടിന പദ്ധതി മുന്നോട്ടുവച്ചാണിത്.

English Summary:

Hunger, Poverty: Brazil with global coalition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com