ഗാസയ്ക്ക് കൂടുതൽ സഹായം, യുക്രെയ്നോട് അനുതാപം; സംയുക്ത ആഹ്വാനവുമായി ജി20 ഉച്ചകോടിക്ക് സമാപനം
Mail This Article
റിയോ ഡി ജനീറോ (ബ്രസീൽ) ∙ ഇസ്രയേൽ ആക്രമണം മൂലം തകർന്നു തരിപ്പണമായ ഗാസയ്ക്ക് കൂടുതൽ സഹായം എത്തിച്ചുകൊടുക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ ആഗോള ഐക്യനീക്കത്തിനായി ആഹ്വാനം ചെയ്ത് ജി20 ഉച്ചകോടിക്കു സമാപനം. പട്ടിണിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടം, കാലാവസ്ഥാ ഫണ്ടിങ് വർധന, ശതകോടീശ്വരന്മാർക്കുള്ള ആഗോള നികുതി, യുഎൻ രക്ഷാസമിതിയുടെ വിപുലീകരണം എന്നിങ്ങനെ ലക്ഷ്യങ്ങളും ചൂണ്ടിക്കാട്ടി സംയുക്ത പ്രസ്താവന പുറത്തിറക്കി.
അർജന്റീന ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ ഇടഞ്ഞുനിന്നപ്പോൾ, സംയുക്ത പ്രസ്താവന പോലും സാധ്യമാകുമോയെന്ന് ഒരു വേള സംശയിച്ചെങ്കിലും അതുണ്ടായത് അധ്യക്ഷനായ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയുടെ വിജയമായി.
ഗാസ യുദ്ധവുമായി ബന്ധപ്പെട്ട്, ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വച്ച സംയുക്ത പ്രസ്താവനയിൽ ഇസ്രയേലിന് അനുകൂലമോ പ്രതികൂലമോ ആയ നേരിട്ടുള്ള പരാമർശങ്ങളൊന്നുമില്ലെന്നതു ശ്രദ്ധേയമായി.
ഹമാസാണ് യുദ്ധത്തിന്റെ ഏക ഉത്തരവാദിയെന്ന നിലപാട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി പറയാറുള്ളതാണെങ്കിലും ജി20 പ്രസ്താവനയിൽ ഇസ്രയേലിനോട് അനുഭാവം കാട്ടുന്നതായ നിലപാടൊന്നുമില്ല. ജി20 അംഗരാഷ്ട്രമായ റഷ്യയെ പഴിചാരുന്നതൊന്നും പ്രസ്താവനയിലില്ല.
ബൈഡൻ ഫ്രെയിമിലില്ല
റിയോ ഡി ജനീറോയിലെ തീരഭംഗി പശ്ചാത്തലത്തിൽ തെളിയും വിധം ജി20 നേതാക്കൾ ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിരന്നപ്പോൾ ജനുവരിയിൽ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ‘ഫ്രെയിമിനു പുറത്ത്’.
ഉച്ചകോടിയുടെ സമാപനവേളയിലെ ഫോട്ടോയെടുപ്പിന് എത്തിച്ചേരാൻ വൈകിയതു മൂലം ബൈഡനില്ലാത്ത ചിത്രമാണ് ഇത്തവണത്തെ ജി20യുടേത്. ഡോണൾഡ് ട്രംപ് യുഎസിന്റെ അടുത്ത പ്രസിഡന്റാകുന്ന സാഹചര്യത്തിൽ, ബൈഡന്റെ ലോകസ്വാധീനം മങ്ങുന്നതിന്റെ പ്രതീകാത്മക സൂചനയായി ചിത്രം. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ഫോട്ടോയിലില്ല.