ബെയ്റൂട്ടിൽ ഇസ്രയേൽ മിസൈൽ ആക്രമണം: 11 മരണം
Mail This Article
ജറുസലം ∙ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 8 നില കെട്ടിടത്തിനുനേർക്ക് ഇസ്രയേൽ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. സെൻട്രൽ ബെയ്റൂട്ടിൽ ഇന്നലെ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിനുശേഷം കെട്ടിടമിരുന്നിടത്ത് വലിയ ഗർത്തമാണു ശേഷിച്ചത്. ഭൂഗർഭ ബങ്കറുകൾ വരെ ഭേദിക്കുന്ന 4 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ഹസൻ നസ്റല്ല അടക്കമുള്ള ഹിസ്ബുല്ല നേതാക്കളെ ഇത്തരം മിസൈൽ ആക്രമണത്തിലാണ് ഇസ്രയേൽ കൊലപ്പെടുത്തിയത്. പുരാവസ്തു വിൽപനയിൽ പ്രശസ്തമായ തെരുവുകളുള്ള സെൻട്രൽ ബെയ്റൂട്ടിൽ ഈയാഴ്ച ഇസ്രയേൽ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. ഹിസ്ബുല്ല ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലായിരുന്നു നേരത്തേ തുടർച്ചയായ ആക്രമണം നടത്തിയിരുന്നത്.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 120 പലസ്തീൻകാർ കൊല്ലപ്പെട്ടു. 205 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 44,176 ആയി. 1,04,473 പേർക്കു പരുക്കേറ്റു. ലബനനിൽ 3645 പേരും കൊല്ലപ്പെട്ടു.