ADVERTISEMENT

മനില ∙ ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിന്നെയും നിന്റെ കുടുംബത്തെയും കൊണ്ടേ ഞാൻ പോകൂ’– ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട് കാർപിയോയുടേതാണ് ഈ ഭീഷണി. ഭീഷണിയാകട്ടെ രാജ്യത്തെ പ്രസിഡന്റിനു നേരെയും! താൻ കൊല്ലപ്പെട്ടാൽ പ്രസിഡന്റിന്റെ തല വെട്ടണമെന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ‘ക്വട്ടേഷൻ’ കൊടുത്തുവെന്ന് മാധ്യമസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. ഇതോടെ പ്രസിഡന്റ് ഫെർഡിനൻഡ് മാർക്കോസ് ജൂനിയറിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ.

സാറ കൊല്ലപ്പെട്ടാൽ പ്രസിഡന്റ്, ഭാര്യ ലിസ, ബന്ധുവും സ്പീക്കറുമായ മാർട്ടൻ റോമുൽദെസ് എന്നിവരെയാണ് ‘തട്ടുക’. ഭീഷണി തമാശയല്ലെന്നും സാറ പറഞ്ഞു. ഒക്ടോബറിൽ, പ്രസിഡന്റിന്റെ തല വെട്ടിമാറ്റുന്നത് താൻ സങ്കൽപ്പിച്ചതായും സാറ പറഞ്ഞു. ഇരുവരും ചില്ലറക്കാരല്ല. മുൻ ഏകാധിപതി ഫെർ‍ഡിനാൻഡ് മാർക്കോസിന്റെ മകൻ ആണ് ഫെർഡിനൻഡ് (66). മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകൾ ആണ് സാറ (45). രാജ്യത്തെ 2 പ്രധാന രാഷ്ട്രീയ കുടുംബങ്ങളും എന്നും ശത്രുപക്ഷത്തായിരുന്നു. 

പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും വെവ്വേറെയാണ് ഫിലിപ്പീൻസിൽ തിരഞ്ഞെടുക്കുന്നത്. 2022 മേയിലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പലവിഷയങ്ങളിൽ രണ്ടുപേരും തമ്മിൽ തെറ്റി. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രധാന ഭിന്നത. തന്റെ അനുയായികളെയും കുടുംബാംഗങ്ങളെയും കേസിൽ കുടുക്കുന്നതായും സാറ ആരോപിക്കുന്നു. ജൂണിൽ സാറ കാബിനറ്റിൽ നിന്ന് രാജിവച്ചെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞില്ല. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. വൈസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് പ്രസിഡന്റ്. പുതിയ ഭീഷണിയുടെ പേരിൽ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

English Summary:

Philippines Vice President Threatens to Kill President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com