യുഎഇയിൽ ഇസ്രയേൽ പൗരന്റെ കൊലപാതകം: 3 പേർ പിടിയിൽ
Mail This Article
ദുബായ് ∙ ഇസ്രയേൽ പൗരനായ റാബി സ്വീവ് കോഗാൻ (28) കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്കിസ്ഥാൻ പൗരന്മാരായ 3 യുവാക്കളെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂഖംമറച്ച നിലയിൽ 3 പേരുടെയും ചിത്രങ്ങൾ പുറത്തുവിട്ടു. കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അന്വേഷണം തുടരുകയാണ്.
ഇസ്രയേൽ സഞ്ചാരികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായ ഛബാദ് എന്ന സമുദായസംഘടനയുടെ യുഎഇയിലെ പ്രവർത്തകനും പുരോഹിതനുമായ സ്വീവ് കോഗാനെ കഴിഞ്ഞ വ്യാഴാഴ്ച ദുബായിൽനിന്നാണു കാണാതായത്. ഞായറാഴ്ച അൽ ഐനിൽ മൃതദേഹം കണ്ടെത്തി. മൾഡോവ പൗരത്വം കൂടിയുള്ള കോഗാൻ വർഷങ്ങളായി യുഎഇയിലാണു താമസം.
കോഗാന്റെ കൊലപാതകം ഭീകരപ്രവർത്തനമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഇറാനാണ് പിന്നിലെന്ന് ആരോപണമുയർന്നെങ്കിലും അബുദാബിയിലെ ഇറാൻ എംബസി നിഷേധിച്ചു.