യുറഗ്വായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിന് വിജയം
Mail This Article
മോണ്ടെവിഡിയോ ∙ തെക്കേ അമേരിക്കൻ രാജ്യമായ യുറഗ്വായിയിൽ ഇടതുപക്ഷ വിശാലസഖ്യം നേതാവ് യൊമൻഡു ഒർസി (57) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് അൽവാരോ ദെൽഗാദോയുടെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഒരിടവേളയ്ക്കുശേഷം ഇടതുപക്ഷം തിരിച്ചെത്തുന്നത്.
സായുധപാത വിട്ടു ജനാധിപത്യത്തിലെത്തിയ മുൻപ്രസിഡന്റ് ഹോസെ പെപെ മുഹിക്കായുടെ രാഷ്ട്രീയപാരമ്പര്യം പിന്തുടരുന്ന നേതാവാണ് ഒർസി. സാധാരണകുടുംബ പശ്ചാലത്തലത്തിൽനിന്നുള്ള ഒർസി രണ്ടുവട്ടം മേയറായിരുന്നു. മുൻ ചരിത്രഅധ്യാപകനാണ്. ഓർസി 49.8% വോട്ട് നേടിയപ്പോൾ ദെൽഗാദോക്കു 45.9 % ലഭിച്ചു.
2005 മുതൽ 15 വർഷം തുടർച്ചയായി ഭരിച്ച ഇടതുപക്ഷത്തെ 2019 ലാണു മധ്യവലതുപക്ഷ സഖ്യം പരാജയപ്പെടുത്തിയത്. കോവിഡ് അനന്തര സാമ്പത്തിക മാന്ദ്യം മൂലമുള്ള ഭരണവിരുദ്ധവികാരം ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനു കളമൊരുക്കി. 2025 മാർച്ച് ഒന്നിനാണ് പുതിയ സർക്കാർ അധികാരമേൽക്കുക.