ട്രംപിനെതിരെയുള്ള 2 കേസുകൾ റദ്ദാക്കി; തള്ളിയത് തിരഞ്ഞെടുപ്പ് അട്ടിമറി, രഹസ്യരേഖക്കേസുകൾ
Mail This Article
വാഷിങ്ടൻ ∙ പ്രസിഡന്റിനെ വിചാരണ ചെയ്യുന്നത് യുഎസ് ഭരണഘടനയുടെ ലംഘനമാകുമെന്ന നീതിന്യായ വകുപ്പിന്റെ നയം അംഗീകരിച്ച്, ഡോണൾഡ് ട്രംപിനെതിരെയുള്ള 2 കേസുകൾ റദ്ദാക്കുകയാണെന്ന് ഡിസ്ട്രിക്ട് ജഡ്ജി ടാന്യ ചുട്കൻ ഉത്തരവിറക്കി. രണ്ടാം തവണ പ്രസിഡന്റാകുന്ന ട്രംപ് ജനുവരി 20ന് അധികാരമേൽക്കാനിരിക്കെയാണു കേസുകളൊഴിവാക്കിയത്.
2020 ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടത് അംഗീകരിക്കാതെ ഫലം അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചെന്നും അത് പാർലമെന്റ് സമ്മേളനത്തിനിടെയുണ്ടായ അക്രമങ്ങളിൽ കലാശിച്ചെന്നും ആരോപിച്ചുള്ളതാണ് ഒരു കേസ്. 2021 ൽ പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും രഹസ്യരേഖകൾ വീട്ടിൽ സൂക്ഷിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്ന കേസാണ് രണ്ടാമത്തേത്.
യുഎസ് പ്രസിഡന്റിനെതിരായ കേസ് നടപടികൾ ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനക്ഷമതയെ വിലകുറച്ചുകാണുന്നതായി വ്യാഖ്യാനപ്പെടുമെന്നതിനാലാണ് ഭരണഘടനാലംഘനമാകുന്നത്.
ട്രംപ് പദവിയൊഴിഞ്ഞതിനുശേഷം കേസുകൾ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത തുറന്നിടുന്നതാണ് ഇപ്പോഴത്തെ ഉത്തരവെങ്കിലും അതിന് നിയമതടസ്സങ്ങൾ വേറെയുണ്ടാകാമെന്നാണു കരുതുന്നത്. ട്രംപിനെതിരെ ഇനി 2 ക്രിമിനൽ കേസുകൾ കൂടിയുണ്ട്.