മവാസിയിലെ അഭയാർഥികേന്ദ്രം തകർത്ത് ഇസ്രയേൽ; ഗാസയിൽ 48 മരണം
Mail This Article
കയ്റോ / ഗാസ ∙ നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്ത ആയിരക്കണക്കിന് പലസ്തീൻ കുടുംബങ്ങളുടെ താൽക്കാലിക അഭയകേന്ദ്രമായിരുന്ന തെക്കൻ ഗാസയിലെ അൽ മവാസിയിലെ ക്യാംപിനു നേരെ ഇസ്രയേൽ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും അടക്കം 21 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേൽ ഇവിടെ ആക്രമണം നടത്തിയത്. ഇതുൾപ്പെടെ 48 പേരാണ് 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽനിന്ന് ഒഴിയാൻ ആളുകൾക്ക് ഇസ്രയേൽ സേനയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. കമാൽ അദ്വാൻ ഹോസ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തിൽ രോഗികൾക്കു പരുക്കേറ്റു. ഇതിനിടെ, ഇസ്രയേൽ ജയിലുകളിൽ കൊല്ലപ്പെട്ട 46 പലസ്തീൻകാരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നില്ലെന്ന് പ്രിസണേഴ്സ് സൊസൈറ്റി ആരോപിച്ചു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. വംശഹത്യ നിയമപരമായി പ്രഖ്യാപിക്കാനുള്ളത്ര കുറ്റകൃത്യങ്ങൾ ഇസ്രയേൽ ചെയ്തു കഴിഞ്ഞതായി ആംനെസ്റ്റി ചൂണ്ടിക്കാട്ടി. രാജ്യാന്തര കോടതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഗാസയിലെ യുദ്ധത്തിൽ 44,580 പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 1,05,740 പേർക്കു പരുക്കേറ്റു.