ദക്ഷിണ കൊറിയ: പ്രസിഡന്റ് യൂൻ രാജ്യം വിടുന്നത് തടഞ്ഞു; മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യുൻ അറസ്റ്റിൽ
Mail This Article
സോൾ ∙ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡന്റ് യൂൻ സുക് യോൽ വിദേശയാത്ര നടത്തുന്നത് നിയമമന്ത്രാലയം തടഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന് യൂനിനെതിരായ അന്വേഷണം തുടരുമെന്ന് നിയമമന്ത്രാലയം അറിയിച്ചു. ശനിയാഴ്ച നടന്ന ഇംപീച്ച്മെന്റ് ശ്രമത്തെ അതിജീവിച്ചെങ്കിലും വീണ്ടും പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ സുപ്രീം കമാൻഡർ പദവി നിയമപരമായി ഇപ്പോഴും യൂനിനാണെങ്കിലും മന്ത്രിമാരും മറ്റു പ്രമുഖരും രാജ്യം വിടുന്നതു തടയാൻ ഉന്നതർക്കെതിരായ അഴിമതി അന്വേഷിക്കുന്ന ഓഫിസിന്റെ തലവൻ ഡോങ് വൂൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാളനിയമം പ്രഖ്യാപിച്ചതിൽ പ്രധാന പങ്കുള്ള മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യുനിനെ അറസ്റ്റ് ചെയ്തു.
ഈ മാസം മൂന്നിന് യൂൻ പട്ടാളനിയമം പ്രഖ്യാപിച്ച് 6 മണിക്കുറിനുശേഷം കടുത്ത എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. വിദേശകാര്യം ഉൾപ്പെട്ട പ്രധാനപ്പെട്ട ചുമതലകളിൽ നിന്ന് യൂനിനെ ഒഴിവാക്കിയെന്നും അവ ഇനി പ്രധാനമന്ത്രി ഹാൻ ഡാക് സു വഹിക്കുമെന്നും യൂനിന്റെ പീപ്പിൾസ് പവർ പാർട്ടിയുടെ നേതാവ് ഹാൻ ഡോങ് ഹൂൻ അറിയിച്ചു.
ദക്ഷിണ കൊറിയയിലെ സംഭവങ്ങളിൽ പ്രധാന സഖ്യകക്ഷിയായ യുഎസ് ആശങ്ക അറിയിച്ചു. ജനാധിപത്യ പ്രക്രിയ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ദക്ഷിണ കൊറിയ സന്ദർശന പരിപാടി മാറ്റിവച്ചു.