ADVERTISEMENT

പാരിസ് ∙ മോ വെത്യു പർവതത്തിനുതാഴെ മുന്തിരിവള്ളികൾ നൃത്തമാടുന്ന മസാ എന്ന മനോഹരഗ്രാമത്തിൽനിന്ന് ഇത്തരത്തിൽ ഞെട്ടിപ്പിച്ചൊരു ഫ്രഞ്ച് ജീവിതകഥ സാഹിത്യഭാവനകളിൽപോലും ലോകം പ്രതീക്ഷിച്ചില്ല. മരുന്നുകൊടുത്തു ഭർത്താവ് മയക്കിക്കിടത്തിയ ജീസെൽ പെലികോ, അയാൾ വിളിച്ചുവരുത്തിയ പുരുഷന്മാരുടെ ബലാത്സംഗത്തിനിരയായ പതിറ്റാണ്ടു കാലത്തിന് പകരം ചോദിച്ചിരിക്കുന്നു. പീഡിപ്പിച്ചവർ ലജ്ജിക്കട്ടെ എന്നു പ്രഖ്യാപിച്ച്, പരസ്യവിചാരണ ആവശ്യപ്പെട്ട് ജീസെൽ (72) നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഭർത്താവ് ഡൊമിനിക് പെലികോ (72) യ്ക്ക് കോടതി ഇന്നലെ 20 കൊല്ലം തടവുശിക്ഷ വിധിച്ചു. ഡൊമിനിക് പകർത്തിയ നൂറുകണക്കിന് പീഡനദൃശ്യങ്ങളുടെ പരസ്യപ്രദർശനമുൾപ്പെട്ട വിചാരണയ്ക്കൊടുവിലാണ് അയാളും മറ്റ് 50 പ്രതികളും കുറ്റക്കാരെന്ന് 5 അംഗ ബെഞ്ച് വിധിച്ചത്. കൂട്ടുപ്രതികൾക്ക് 3 വർഷം മുതൽ 15 വർഷം വരെയാണ് ത‌ടവുവിധിച്ചത്. 

ഇത്തരം കേസുകളിൽ അതിജീവിത അപമാനഭയത്താൽ കാണാമറയത്തു തുടരുന്ന പതിവ് കാറ്റിൽപ്പറത്തിയ ജീസെൽ ഫ്രാൻസിന്റെയും ലോകത്തിന്റെയും ആരാധനാപാത്രമാണിപ്പോൾ. തെറ്റൊന്നും ചെയ്യാത്തവളുടെ ധീരതയും ആത്മവിശ്വാസവും ഒരു ചെറുപുഞ്ചിരിയിലൊതുക്കി, ശാന്തത തുളുമ്പുന്ന കണ്ണുകളുമായി അവർ കോ‌ടതിമുറിയിലിരുന്നു. ലജ്ജിക്കേണ്ടത് താനല്ല, തന്നോടു ക്രൂരത കാട്ടിയവരാണെന്ന നിലപാട് അവർ ആവർത്തിച്ചു. 

സൂപ്പർമാർക്കറ്റിൽ സ്ത്രീകളുടെ ചിത്രമെടുത്തതിന് 2020 ൽ പിടിയിലായ ഡൊമിനിക് പെലികോയെപ്പറ്റി പൊലീസ് കൂടുതൽ അന്വേഷിച്ചപ്പോഴാണ് കംപ്യൂട്ടറിൽ ചിട്ടയായി സൂക്ഷിച്ച ബലാത്സംഗ വിഡിയോകൾ കണ്ടെത്തിയത്. ആടിയുലയുന്ന ഓർമകളുമായി, കൂരിരുട്ടിൽനിന്നെന്ന പോലെ ഓരോ ദിവസവും ഉറക്കമുണർന്ന ജീസെൽ, അരനൂറ്റാണ്ടിന്റെ ദാമ്പത്യത്തിൽ സന്തോഷിച്ചതല്ലാതെ, ഭർത്താവിന്റെ കൊടുംചതികളെപ്പറ്റി അതുവരെ സംശയിച്ചതേയില്ല. ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നതോടെ അച്ഛനെ 3 മക്കളും തളളിപ്പറഞ്ഞു. 

2011– 20 ൽ ഓൺലൈനിൽ പരിചപ്പെട്ടവരെയാണ് ഡൊമിനിക് ഭാര്യയുമായി സഹശയനത്തിന് വീട്ടിലേക്കു വിളിച്ചത്. കട്ടിലിലെ സ്ത്രീ ഉറക്കം നടിച്ചുകൊണ്ട് ലൈംഗികവേഴ്ചയ്ക്കു സമ്മതിക്കുകയായിരുന്നുവെന്നു കരുതിയെന്ന് പ്രതികളിൽ ചിലർ കോടതിയിൽ പറഞ്ഞിരുന്നു. ലൈംഗികബന്ധത്തിൽ സമ്മതം എന്നൊരു വ്യവസ്ഥ കൂടി ഫ്രഞ്ച് പീഡനനിയമത്തിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെ സംവാദങ്ങൾക്കും ജീസെൽ കേസ് വഴി തുറന്നിരിക്കുകയാണ്. 

English Summary:

Decades of Abuse: Gisele Pelicot, a French feminist hero, wins a landmark case after enduring over a decade of rape orchestrated by her husband. Her courage and public trial resulted in a 20-year prison sentence for her husband and accomplices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com