ഗാസയിൽ അഭയകേന്ദ്രങ്ങളിൽ ബോംബിങ്: 77 മരണം; യുഎൻ ഏജൻസിക്കുള്ള ധനസഹായം നിർത്തി സ്വീഡൻ
Mail This Article
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ സൈന്യം വിവിധ അഭയാർഥി ക്യാംപുകൾ കേന്ദ്രീകരിച്ചു നടത്തുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിൽ 5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു.
ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു വ്യക്തമാണെന്നു വൈദ്യസഹായ രംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ ‘ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,206 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,512 പേർക്കു പരുക്കേറ്റു.
അതിനിടെ, യുഎൻ പലസ്തീൻ അഭയാർഥി സംഘടനയായ യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം ഇസ്രയേൽ നിരോധിച്ച പശ്ചാത്തലത്തിൽ സ്വീഡൻ സഹായം നൽകുന്നതു നിർത്തി. ഗാസയ്ക്കുള്ള സഹായം മറ്റേതെങ്കിലും മാർഗത്തിലാകും ഇനി നൽകുക. യുഎൻ ഏജൻസിക്കു ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേൽ വിലക്കേർപ്പെടുത്തിയത്. പലസ്തീൻ പ്രദേശങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിർണായകപങ്കാണ് യുഎൻ ഏജൻസിക്കുള്ളത്.
അതേസമയം, വടക്കൻ സിറിയയിൽ തുർക്കി പിന്തുണയുളള സായുധവിഭാഗവും സിറിയൻ കുർദുകളും തമ്മിൽ തുടരുന്ന സംഘർഷം രൂക്ഷമായി. വേണ്ടിവന്നാൽ സിറിയയിൽ സൈനികമായി ഇടപെടുമെന്നു തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ മുന്നറിയിപ്പു നൽകി. തുർക്കി അതിർത്തിയോടു ചേർന്ന കോബാനി പട്ടണത്തിലാണ് ഏറ്റുമുട്ടൽ. തുർക്കിവിരുദ്ധരായ സിറിയയിലെ കുർദ് സായുധവിഭാഗത്തിന് യുഎസ് പിന്തുണയുണ്ട്. സംഘർഷത്തിനിടെ 2 കുർദ് മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.