പെഗസസ് ദുരുപയോഗക്കേസ്: വാട്സാപ് ജയിച്ചു; എൻഎസ്ഒ തോറ്റു
Mail This Article
ന്യൂഡൽഹി∙ പെഗസസ് ചാരസോഫ്റ്റ്‍വെയർ സ്രഷ്ടാക്കളായ ഇസ്രയേൽ കമ്പനി എൻഎസ്ഒയുമായുള്ള യുഎസിലെ നിയമയുദ്ധത്തിൽ വാട്സാപ്പിനു വിജയം. വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പലരുടെയും ഫോണിൽ കടന്നുകയറിയ സംഭവങ്ങളുടെ ഉത്തരവാദിത്തം എൻഎസ്ഒയ്ക്ക് ഉണ്ടെന്നു യുഎസ് കോടതി ഉത്തരവിട്ടു. തങ്ങളുടെ ചാരസോഫ്റ്റ്‍വെയർ വാങ്ങിയവർ ദുരുപയോഗിച്ചാൽ ഉത്തരവാദിത്തമില്ലെന്നാണ് ഇതുവരെ എൻഎസ്ഒ വാദിച്ചിരുന്നത്.
2021ൽ ഇന്ത്യയിൽ പെഗസസ് ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി യുഎസിലെ ഈ കേസിന്റെ സ്ഥിതിയെക്കുറിച്ച് ആരാഞ്ഞിരുന്നു. സ്വകാര്യത എന്ന അവകാശം വീണ്ടും ഉറപ്പിക്കുന്നതാണു കോടതിയുടെ ഉത്തരവെന്നു വാട്സാപ് മേധാവി വിൽ കാത്കാർട്ട് പറഞ്ഞു. ചാരസോഫ്റ്റ്‍വെയർ കമ്പനികൾക്ക് എന്തെങ്കിലും തരത്തിലുള്ള പരിരക്ഷയുടെ മറവിൽ ഒളിഞ്ഞിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പിന്റെ സുരക്ഷാപിഴവുപയോഗിച്ച് 1,400 പേരുടെ വിവരങ്ങൾ പെഗസസ് ചോർത്തിയെന്ന് കാനഡയിലെ സിറ്റിസൻ ലാബ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് 2019ൽ എൻഎസ്ഒ ഗ്രൂപ്പിനെതിരെ വാട്സാപ് കോടതി കയറിയത്. ടെക് ദുരുപയോഗങ്ങളുമായി ബന്ധപ്പെട്ട് യുഎസ് കംപ്യൂട്ടർ ഫ്രോഡ് ആൻഡ് അബ്യൂസ് നിയമമാണ് വാട്സാപ് പ്രധാനമായും ആയുധമാക്കിയത്. എന്നാൽ, സർക്കാരുകൾക്കു മാത്രം ഉൽപന്നം വിൽക്കുന്നതിനാൽ ലഭിക്കേണ്ട പരമാധികാര പരിരക്ഷ (സോവറിൻ ഇമ്യൂണിറ്റി) തങ്ങൾക്കു ബാധകമാണെന്നായിരുന്നു എൻഎസ്ഒ ഗ്രൂപ്പിന്റെ വാദം. ഇത് കോടതി തള്ളി.
എൻഎസ്ഒ ഗ്രൂപ്പിനെതിരെയുള്ള നിയമപ്പോരാട്ടത്തിൽ വാട്സാപ്പിനു പുറമേ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഗിറ്റ്ഹബ്, ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള കമ്പനികളും കക്ഷി ചേർന്നിരുന്നു. തങ്ങളുടെ സേവനങ്ങൾ ദുരുപയോഗിക്കുന്നവരെ യുഎസ് കോടതിയിൽതന്നെ വിചാരണ ചെയ്യണമെന്നാണ് ഇവരുടെ വാദം.